ദുബൈയിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം Photo: Dubai Police
ദുബൈ: ദുബൈ എമിറേറ്റ്സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ് അനൗദ്യോഗിക വിവരം. മോട്ടീവ് ടെക്നിക്കൽ സർവിസസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. ശ്രീലങ്ക, നേപ്പാൾ സ്വദേശികളും മരിച്ചവരിലുണ്ട്. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
‘സാങ്കേതിക തകരാർ കാരണം ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തുകയായിരുന്നു. ട്രക്കിന്‍റെ ഡ്രൈവറുടെ ശ്രദ്ധക്കുറവ് കാരണവും കൃത്യമായ അകലം പാലിക്കാത്തതിനാലും പിന്നാലെ വന്ന മിനിബസ് ട്രക്കിന്‍റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു’ -ദുബൈ പൊലീസ് വ്യക്തമാക്കി.
‘അപകടത്തിൽ ഏഴ് പേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. നാല് പേരുടേത് നിസ്സാര പരിക്കുകളാണ്. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്’ - ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ അറിയിച്ചു. ട്രാഫിക് പട്രോളിങ് വിഭാഗത്തിനും രക്ഷാപ്രവർത്തകർക്കും കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ നിന്ന് അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തേക്ക് തിരിച്ചതായി അദ്ദേഹം പറഞ്ഞു.
റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഏറ്റവും അപകടകരമായ നിയമലംഘനങ്ങളിൽ ഒന്നാണെന്ന് ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. ഇത് പലപ്പോഴും മാരകമായ അപകടങ്ങൾക്കും മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകും. വാഹനം കേടുവന്ന് റോഡിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടണം. തകരാറിലായ വാഹനത്തിന് പട്രോളിങ് വാഹനങ്ങൾ ഉപയോഗിച്ച് സുരക്ഷയൊരുക്കാനും യാത്രക്കാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ പൊലീസ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സ് റോഡിൽ ഏഴുപേർക്ക് ജീവഹാനി സംഭവിച്ച അപകടത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.