ദുബൈ: നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ഈ മാസം ദുബൈയിൽ ഉടനീളം വിപുലമായ റോഡ് വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ).
ഇതിന്‍റെ ഭാഗമായി തിരക്കേറിയ ശൈഖ് സായിദ് റോഡിൽ ഹിസ്സ സ്ട്രീറ്റിൽ നിന്നും അബൂദബി ഭാഗത്തേക്ക് പ്രവേശിക്കുന്ന വരിയിൽ പുതിയൊരു ലൈൻ കൂടി ഉൾപ്പെടുത്തും.
ദുബൈയിലെ യാത്രാക്ലേശം പരിഹരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി തയാറാക്കിയ ‘ജൂൺ 2026 ട്രാഫിക് ഇംപ്രൂവ്‌മെന്‍റ് പ്രോഗ്രാമിന്‍റെ’ ഭാഗമായാണ് ഈ പദ്ധതികൾ. നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ ഹിസ്സ സ്ട്രീറ്റിൽ നിന്ന് അബൂദബി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ വർധന കൈകാര്യം ചെയ്യാൻ പുതിയ ലൈൻ സഹായിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
ജൂൺ 12ന് ട്രേഡ് സെന്‍റർ സ്ട്രീറ്റ്, മറാസി ഡ്രൈവ് എന്നിവ കൂടിച്ചേരുന്ന ജങ്ഷനിലെ ഗതാഗത ക്രമീകരണങ്ങൾ പരിഷ്കരിക്കും. എയർപോർട്ട് റോഡും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡും ബന്ധിപ്പിക്കുന്ന സർവീസ് റോഡിലും മാറ്റങ്ങൾ വരുത്തും.
ജൂൺ 28ന് എമിറേറ്റ്സ് റോഡിനെയും ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറക്കും. ഇത് വില്ലനോവ, അറേബ്യൻ റാഞ്ചസ് 3 എന്നീ ജനവാസ മേഖലകളിലേക്കുള്ള യാത്ര എളുപ്പമാക്കും. ഇതേ ദിവസം തന്നെ ദുബൈ സ്റ്റുഡിയോ സിറ്റിക്കും മോട്ടോർ സിറ്റിക്കും ഇടയിലായി അൽ ഖുദ്റ റോഡിനെയും ഹിസ്സ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു റോഡും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ജൂൺ 30ന് ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ പുതിയൊരു ലൈൻ കൂടി കൂട്ടിച്ചേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.