കെ.എം. സിബി
താരങ്ങളെ വിരിയിക്കുന്ന കോച്ച്
ഒരു ശരാശരി ക്രിക്കറ്റ് ആരാധകനോട് ക്രിക്കറ്റിലെ ഷോട്ടുകൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ മറുപടി ഇതായിരിക്കും-സ്ട്രൈറ്റ് ഡ്രൈവ്, ഫ്ലിക്ക്, പുൾ ഷോട്ട്, ഹുക്ക്, സ്ക്വയർ ഡ്രൈവ്, സ്വീപ്, റിവേഴ്സ് സ്വീപ്പ്... അങ്ങിനെ പത്തോ പതിനഞ്ചോ ഷോട്ടുകൾ. ഒരുപടി കൂടി കടന്ന് ചോദിച്ചാൽ ക്രിക്കറ്റ് ബുക്കിലെവിടെയും എഴുതപ്പെട്ടിട്ടില്ലാത്ത എം.എസ്. ധോനിയുടെ ഹെലികോപ്ടർ ഷോട്ടും ദിൽഷന്റെ ദിൽസ്കൂപ്പും ഡഗ്ലസ് മരിലിയറുടെ മരിലിയർ ഷോട്ടും കൂടി ഉൾപെടുത്തും. എന്നാൽ, കൊല്ലം കല്ലട സ്വദേശി കെ.എം. സിബിയോട് ചോദിച്ചാൽ ട്വന്റി 20യിലെ സിക്സറുകളുടെ പെരുമഴ പോലെ ഷോട്ടുകളുടെ പേര് ഒഴുകിക്കൊണ്ടിരിക്കും. ഏകദേശം 350ലേറെ ഷോട്ടുകൾ സ്വന്തമായി കണ്ടെത്തിയ മനുഷ്യനാണ് മുൻ കേരള ജൂനിയർ ടീം പരിശീലകൻ കൂടിയായ സിബി. ബാറ്റിങ് സ്റ്റുഡിയോ എന്ന മൊബൈൽ ആപ്പിലൂടെയാണ് സിബി തന്റെ ഷോട്ടുകളെ പരിചയപ്പെടുത്തുന്നത്. ക്രിക്കറ്റ് ഷോട്ടുകളുടെ എൻസൈക്ലോ പീഡിയ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കണം. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ക്രിക്കറ്റ് എൻസൈക്ലോപീഡിയ തയാറാക്കുന്നത്.
13 വർഷം മുൻപാണ് സിബി തന്റെ മനസിലുള്ള ഷോട്ടുകളെ ലോകത്തിന് പരിചയപ്പെടുത്താൻ തീരുമാനിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് തുടക്കം. പരിശീലകൻ ബി. അരുൺ ഉൾപെടെയുള്ളവർ ഇതിനായി സഹായിച്ചിരുന്നു. സിബിയുടെ താൽപര്യം കണ്ട് 2011ൽ അന്നത്തെ ബി.സി.സി.ഐ വൈസ്പ്രസിഡന്റായിരുന്ന ടി.സി. മാത്യുവാണ് കൂടുതൽ പരിശീലകരുമായി പരിചയപ്പെടുത്തിയത്. അവരുമായുള്ള സമ്പർക്കമാണ് കൂടുതൽ ഷോട്ടുകളെ കുറിച്ച് പഠിക്കാൻ സഹായിച്ചത്. ഫോണിൽ ഡൗൺലോഡ് ചെയ്യുന്നവർക്ക് വീട്ടിലിരുന്ന് തന്നെ ബാറ്റിങ് പാഠങ്ങൾ പഠിക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം. മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ സഹതാരങ്ങളുടെയോ അധ്യാപകരുടെയോ സഹായത്തോടെ ഈ ഷോട്ടുകൾ പകർത്തിയെടുക്കാൻ കഴിയും. 350ലേറെ ഷോട്ടുകളും അത് പരിശീലിപ്പിക്കാനുള്ള 5000ഓളം വീഡിയോയും ഇതിലുണ്ട്. വൺലെഗ് പവർ ഷോട്ട്, റിസ്റ്റ് ബേസ്ഡ് ഷോട്ട്, അപ്പർ ബോഡി പൊസിഷനിങ്, ഷോൾഡർ പൊസിഷനിങ് ഷോട്ട് തുടങ്ങിയവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. ശരീരത്തിലെ ഓരോ ജോയിന്റുകളും വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ ഈ ഷോട്ടുകളെല്ലാം പഠിച്ചെടുത്ത് പ്രാവർത്തികമാക്കാമെന്നാണ് സിബിയുടെ അഭിപ്രായം. പല രാജ്യങ്ങളും ക്രിക്കറ്റിൽ വളരാത്തത് ടെക്നിക്കൽ ക്വാളിറ്റി ഇല്ലാത്തതിനാലാണ്. അതിനുള്ള പരിഹാരം കൂടിയാണ് ഈ ആപ്പ്.
രണ്ട് വർഷമായി മുറിക്കുള്ളിലെ മൂന്ന് കമ്പ്യൂട്ടറുകൾക്ക് മുന്നിലായിരുന്നു സിബിയുടെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും. കിട്ടിയ സാമ്പാദ്യമെല്ലാം ഇതിനായി ചെലവഴിച്ചു. ഏതെങ്കിലും നല്ല സ്ഥാപനങ്ങളെത്തിയാൽ ഈ ആപ്പ് മാർക്കറ്റ് ചെയ്യണമെന്നാണ് ആഗ്രഹം. ആപ്പിൽ ബൗളിങ്ങും ഉൾപെടുത്താനും പദ്ധതിയുണ്ട്. ബാറ്റിങ് ഇതുവരെ പൂർത്തിയായിട്ടില്ല. അതിന് ശേഷം ബൗളിങ് ഉൾപെടുത്താനാണ് പദ്ധതി
Coach who spreads the stars
നിരവധി ദേശീയ താരങ്ങളെ സംഭാവന ചെയ്ത പരിശീലകനാണ് സിബി. കേരള ജൂനിയർ ടീം പരിശീലകനായിരുന്നു. കേരളത്തിലും യു.എ.ഇയിലുമായി നിരവധി ശിഷ്യഗണങ്ങളുണ്ട്. യു.എ.ഇയിൽ കളിച്ചുവളർന്ന് കേരളത്തിലെത്തിയ താരങ്ങളിൽ ഒരാളാണ് ഷോൺ റോജർ. ഇപ്പോൾ കേരള ടീമിൽ കളിക്കുന്ന അഞ്ചോളം താരങ്ങൾ സിബിയിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ കുട്ടികളിലെ താരങ്ങളെ സിബി വളർത്തിടെയുത്ത് ആഭ്യന്തര ക്രിക്കറ്റിന് സമ്മാനിച്ചു. വിഷ്ണു വിനോദ്, മോനു കൃഷ്ണ, സുബിൻ സുരേഷ്, അഖിൽ അനിൽ, ആൽഫി ഫ്രാൻസിസ്, വിപുൽ പി.എസ്, അനന്തു കൃ്ഷണൻ, ജിതിൻ ഫ്രാൻസിസ്, അനീഷ് തുടങ്ങിയ കേരള താരങ്ങൾ സിബിയുടെ ശിക്ഷണം നേടിയവരാണ്. കെയ് സ്മിത്ത്, ഷോൺ റോജർ, സൈലേഷ് ജെയ്ശങ്കർ, ധ്രുവ് പനേസർ, ആര്യൻ ലക്റ തുടങ്ങിയവർ രാജ്യാന്തര ക്രിക്കറ്റിൽ കഴിവുതെളിയിക്കുമ്പോൾ അതിന് പിന്നിൽ സിബിയുടെ കരങ്ങളുമുണ്ടായിരുന്നു.
യു.എ.ഇയിലെ ആഭ്യന്തര ക്ലബ്ബുകളുടെ പരിശീലകൻ കൂടിയാണ് സിബി. ആറ് വർഷം മുൻപ് യു.എ.ഇയിൽ എത്തിയ ശേഷമാണ് ആപ്പ് ഇറക്കുന്ന കാര്യം മനസിൽ ഉറപ്പിച്ചത്. അതുവരെ യൂ ട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. യു.എ.ഇയിലെ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ പുതിയ താരങ്ങൾ പിറവിയെടുക്കാൻ കാരണമെന്നാണ് സിബിയുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.