ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) യുവാക്കളുടെ സാന്നിധ്യം ഉറപ്പുവരുത്താൻ പദ്ധതികളുമായി സംഘാടകർ. മനുഷ്യസമൂഹത്തിന്റെ ഭാവി വിഷയമാകുന്ന ചർച്ചകളിൽ യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നീക്കത്തിന് അധികൃതർ ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 100 യുവാക്കളെ യു.എ.ഇ സ്പോൺസർ ചെയ്യും. പ്രധാനമായും അവികസിത രാജ്യങ്ങളിൽനിന്നും ചെറു ദ്വീപുകളിൽനിന്നും തദ്ദേശീയവും ന്യൂനപക്ഷവുമായ സമൂഹങ്ങളിൽനിന്നുള്ളവരെയാണ് കൂടുതലായും പരിഗണിക്കുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ‘ഇന്റർനാഷനൽ യൂത്ത് ക്ലൈമറ്റ് ഡെലിഗേറ്റ് പ്രോഗ്രാം’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ എക്സ്പോ സിറ്റിയിൽ കാലാവസ്ഥാ വക്താക്കൾ, നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർ, വിദേശ പ്രമുഖർ, വ്യവസായ പ്രമുഖർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും കോപ്28 നിയുക്ത പ്രസിഡൻറുമായ ഡോ. സുൽത്താൻ അൽ ജാബിറാണിത് പ്രഖ്യാപിച്ചത്.
പദ്ധതിവഴി എല്ലാവർക്കും അവരുടെ രാജ്യങ്ങൾക്കും കമ്യൂണിറ്റികൾക്കും വേണ്ടി വാദിക്കാനുള്ള പരിശീലനവും വിഭവങ്ങളും അവസരവും ലഭിക്കുമെന്ന് അൽ ജാബിർ കൂട്ടിച്ചേർത്തു. യു.എന്നിന്റെ കീഴിലെ കാലാവസ്ഥ പ്രവർത്തനത്തിനുള്ള യുവജന ഏജൻസിയായ ‘യങ്ഗോ’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പങ്കെടുക്കുന്നവർ 18നും 35നും ഇടയിൽ പ്രായമുള്ളവരായിരിക്കണമെന്നും കാലാവസ്ഥാ പ്രശ്നങ്ങളോട് പ്രതിബദ്ധത പ്രകടിപ്പിക്കുകയും മേഖലയിൽ മികച്ച അനുഭവം ഉണ്ടായിരിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.