ദുബൈ: കൂട്ടുകാരുമായുണ്ടായ പണമിടപാട് തർക്കത്തിനിടെ ചൈനീസ് പൗരൻ കുത്തേറ്റുമരിച്ചു. നൽപതുകാരനായ വ്യക്തിയാണ് ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ 36ാം നിലയിലെ അപ്പാർട്മെന്റിൽ കുത്തേറ്റുമരിച്ചത്. കൊല്ലപ്പെട്ട ചൈനീസ് വംശജൻ ഏഷ്യക്കാരിയായ ഭാര്യയോടൊപ്പം ഇവിടെ താമസിച്ചുവരുകയായിരുന്നു. 1.8 ലക്ഷം ദിർഹത്തിന്റെ പേരിലാണ് സുഹൃത്തുക്കൾക്കിടയിൽ തർക്കം ഉടലെടുത്തത്. സംഭവം നടക്കുമ്പോൾ ഭാര്യ അപ്പാർട്മെൻറിലുണ്ടായിരുന്നില്ല. ഭർത്താവ് ഇവരെ തൊട്ടടുത്ത ഫ്ലാറ്റിലേക്ക് അയക്കുകയായിരുന്നു.
പിന്നീട് ശക്തമായ തർക്കം ഉണ്ടായതിന്റെ ശബ്ദം കേട്ടിരുന്നുവെന്നും, അൽപം കഴിഞ്ഞ് റൂമിലേക്ക് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഭർത്താവിനെ കാണുകയായിരുന്നെന്നും ഇവർ പൊലീസിൽ മൊഴിനൽകി. നെഞ്ചിലായിരുന്നു കുത്തേറ്റ മുറിവുണ്ടായിരുന്നത്. സംഭവ സ്ഥലത്തുതന്നെ ഇയാൾ മരിച്ചിരുന്നു. ദുബൈ പൊലീസും ഫോറൻസിക് വിഭാഗവും സംഭവം നടന്നയുടൻ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രതികൾ രണ്ടുപേരെയും വെവ്വേറെ സ്ഥലങ്ങളിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതികൾ കുറ്റം സമ്മതിച്ചു. ഇരുവരിൽ നിന്നുമായി കൊല്ലപ്പെട്ടയാൾ 1.8 ലക്ഷം ദിർഹം വാങ്ങിയിരുന്നെന്നും ഇതിനെ തുടർന്ന തർക്കമാണ് കൊലയിൽ അവസാനിച്ചതെന്നും പ്രതികൾ മൊഴി നൽകി. കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.