ഷാർജ: വായനയുടെയും സർഗാത്മകതയുടെയും ലോകത്തേക്ക് പുതുതലമുറയെ സ്വാഗതം ചെയ്യാൻ ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ (എസ്.സി.ആർ.എഫ് 2025) ഏപ്രിൽ 23 മുതൽ മേയ് നാലു വരെ നടക്കും. ഷാർജ എക്സ്പോ സെന്ററിലാണ് കുട്ടികൾക്കും യുവജനങ്ങൾക്കും പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന സംവേദനാത്മക പ്രവർത്തനങ്ങളും കലാപ്രകടനങ്ങളും അരങ്ങേറുക.
12 ദിവസം നീളുന്ന വായനോത്സവത്തിൽ വിദ്യാഭ്യാസ, വിനോദ പരിപാടികളുടെ നീണ്ടനിരയാണ് ഒരുക്കുന്നത്. വിദഗ്ധരുടെ നേതൃത്വത്തിൽ ഒട്ടേറെ ശിൽപശാലകളും പാനൽ ചർച്ചകളും ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഷാർജ ബുക്ക് അതോറിറ്റിയുടെ (എസ് .ബി.എ) പ്രധാനപ്പെട്ട പുരസ്കാരങ്ങളായ ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, ബുക്സ് ഫോർ വിഷ്വലി ഇംപയേർഡ് ചിൽഡ്രൻ അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ് എന്നിവയുടെ വിജയികളെയും പ്രഖ്യാപിക്കും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സൻ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതവുമായി കുട്ടികളിൽ അറിവിന്റെയും സർഗാത്മകതയുടെയും സംസ്കാരം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് എസ്.ബി.എ സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.