മാറിപ്പോയ ലഗേജ് യാത്രക്കാരന് കൈമാറുന്ന എയർപോർട്ട് ഉദ്യോഗസ്ഥൻ
ദുബൈ: അബദ്ധത്തിൽ ലഗേജ് മാറിയെടുത്ത വിമാന യാത്രക്കാരന് മിനിറ്റുകൾക്കുള്ളിൽ സ്വന്തം ലഗേജ് കണ്ടെത്താൻ സഹായിച്ച് ദുബൈ പൊലീസ്. ഈജിപ്തിൽനിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഈജിപ്തുകാരനായ മുനീർ സെയ്ദ് ഇബ്രാഹീമിനാണ് ലഗേജ് മാറിപ്പോയത്.
25,000 ദിർഹമും യാത്രാരേഖകളും അടങ്ങിയതായിരുന്നു ബാഗ്. അമളി മനസ്സിലായതോടെ ഇദ്ദേഹം ഉടൻ എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ദുബൈ പൊലീസിന് വിവരം നൽകി. തുടർന്ന് സി.സി.ടി.വി പരിശോധിച്ച പൊലീസ് സമാനമായ ലഗേജ് ഈജിപ്തിൽനിന്നെത്തിയ മറ്റൊരു യാത്രക്കാരി കൊണ്ടുപോയതായി കണ്ടെത്തി. പൊലീസ് സമീപത്തെത്തുമ്പോൾ ഇവർ വിമാനത്താവളത്തിന് പുറത്ത് ബന്ധുക്കളെ കാത്തുനിൽക്കുകയായിരുന്നു. പൊലീസ് കാര്യങ്ങൾ ധരിപ്പിച്ചപ്പോഴാണ് തന്റെ ലഗേജല്ലെന്ന് ബോധ്യമായത്.
ഒരേപോലുള്ള ലഗേജ് ആയതിനാലാണ് രണ്ടുപേർക്കും അബദ്ധം പിണഞ്ഞതെന്ന് എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഹമൗദ് ബി സുവൈദ അൽ അംരി പറഞ്ഞു. മാറിപ്പോയ ലഗേജുകൾ പൊലീസിന്റെ സാന്നിധ്യത്തിൽ അവർ പരസ്പരം കൈമാറുകയും ചെയ്തു. ചൈനയിലേക്കുള്ള വിമാനത്തിൽ പുറപ്പെടാനുള്ള വ്യഗ്രതയിൽ സംഭവിച്ചതാണെന്ന് യാത്രക്കാരൻ മുനീർ സെയ്ദ് ഇബ്രാഹീം പറഞ്ഞു. വിമാനം പുറപ്പെടാൻ മണിക്കൂർ മാത്രം ശേഷിക്കവെ പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലാണ് തനിക്ക് തുണയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.