ദുബൈ: ഇരുനൂറോളം രാജ്യക്കാരും അതിലേറെ വർഗക്കാരും ഒരുമയോടെ അധിവസിക്കുന്ന രാജ്യമാണ് യു.എ.ഇ. രാജ്യത്ത് മരണപ്പെടുന്നവരില്‍ ഭൂരിഭാഗം പേരുടെയും മൃതദേഹം സ്വന്തം നാട്ടിലേക്കയക്കുകയാണ് പതിവ്. നാട്ടിലേക്ക് കയറ്റി അയക്കാന്‍ മൃതദേഹം എംബാം ചെയ്യണം. രാജ്യത്തെ എംബാമിങ് സെൻററുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദുബൈ സോനാപുരിലേത്. വര്‍ഷത്തില്‍ ശരാശരി 800 പേരുടെ മൃതദേഹം ഇവിടെ എംബാം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഈ എംബാമിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു ഇന്ത്യക്കാരാനാണ്. മലയാളികളടക്കമുള്ളവര്‍ സ്നേഹത്തോടെ ചാച്ച എന്നു വിളിക്കുന്ന മുംബൈ സ്വദേശി അതാവുല്ല അബൂബക്കര്‍ ഖാസി. ഈ മേഖലയിലെ 42 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് തിരിക്കുകയാണ് ഇദ്ദേഹം.
നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്തുകൊണ്ടിരിക്കെ 1974ലാണ് അതാവുല്ല ആദ്യമായി ദുൈബയില്‍ എത്തുന്നത്. ആദ്യ രണ്ടുവർഷം ഒരു ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തു. 1977ലാണ് ദുബൈ മക്തൂം ആശുപത്രിയിൽ എംബാമിങ് ജോലിക്ക് എത്തുന്നത്. 10 വർഷം മുമ്പ് സോനാപുരിലെ വിശാലമായ സ്ഥലത്തേക്ക് ഇന്നു കാണുന്ന എംബാമിങ് കേന്ദ്രം മാറ്റിസ്ഥാപിച്ചേതാടെ അവിടെയായി തൊഴിലിടം. 42 വര്‍ഷത്തിനിടക്ക് ഏകദേശം 25,000 മൃതദേഹം എംബാം ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. അടുത്തകാലം വരെ വാഹനാപകടമായിരുന്നു മരണങ്ങള്‍ക്ക് മുഖ്യകാരണമെങ്കില്‍ ഇപ്പോള്‍ ഹൃദയാഘാതമാണ് കൂടുതലെന്ന് ഇദേഹം വ്യക്തമാക്കി.
ബോളിവുഡ് സൂപ്പർതാരം ശ്രീദേവി, നടന് ഫരീദ് ശൈഖ്, പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ മാതാവ് നുസ്രത് ഭുട്ടോ തുടങ്ങി നിരവധി പ്രമുഖരുടെ മൃതദേഹം എംബാം ചെയ്തത് അതാവുല്ലയാണ്. ഏഴുപേര്‍ അടങ്ങുന്ന സംഘം ഇദ്ദേഹത്തിനു കീഴില്‍ സോനപൂരിലെ എംബാമിങ് സെൻററില്‍ വിവിധ വകുപ്പുകളിലായി ജോലിചെയ്യുന്നുണ്ട്. ജോലിസമയം നോക്കാതെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്കുവേണ്ടി ചാച്ച സഹകരിച്ചിരുന്നത്. 2019 അവസാനിക്കുന്ന ഡിസംബര്‍ 31ന് ഇദേഹം ജോലിനിര്ത്തും. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് തിരിക്കും. രണ്ടു പെണ്മക്കള് അടക്കം മൂന്നുപേരാണ് ചാച്ചക്ക്. പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. മകന് ദുൈബയിലെ സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.