സി.എച്ച് രാഷ്ട്രസേവ പുരസ്കാരം ദുബൈയിൽ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു
ദുബൈ: സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തുന്ന സി.എച്ച് രാഷ്ട്രസേവ പുരസ്കാരം ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാർഡ്. ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ ജൂറി ചെയർമാൻ ഡോ. സി.പി. ബാവ ഹാജി, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ, കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി മൂസ കൊയമ്പ്രം, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവരാണ് വിജയിയെ പ്രഖ്യാപിച്ചത്. മുൻ വർഷങ്ങളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ, ഡോ. ശശി തരൂർ എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്.
മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ഇടപെടൽ മുൻനിർത്തിയാണ് ഓരോ വർഷവും അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. പാർലമെന്റിനകത്തും പുറത്തും ഇ.ടി. മുഹമ്മദ് ബഷീർ എം.പി നടത്തിവരുന്ന പ്രസംഗങ്ങളും പ്രവർത്തനങ്ങളും രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും നിലനിർത്തുന്നതിനുവേണ്ടിയുള്ളതാണെന്ന് ജൂറി വിലയിരുത്തിയതായി ചെയർമാൻ ഡോ. സി.പി. ബാവ ഹാജി പറഞ്ഞു. എം.സി. വടകര, ടി.ടി. ഇസ്മായിൽ, സി.കെ. സുബൈർ എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ.
അവാർഡ് സമർപ്പണവും സി.എച്ച് അനുസ്മരണ സമ്മേളനവും ഈമാസം ദുബൈയിൽ നടത്തുമെന്ന് ജില്ല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന-ജില്ല ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, എൻ.കെ. ഇബ്രാഹിം, ഹംസ പയ്യോളി, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, വി.കെ.കെ. റിയാസ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, അഷ്റഫ് പള്ളിക്കര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.