ദുബൈ: യു.എ.ഇയിലെ വിശ്വാസികൾക്കിത് ആശ്വാസത്തിെൻറ പെരുന്നാൾ കൂടിയാണ്. ലോക്ഡൗണിലമർന്ന കഴിഞ്ഞ വർഷത്തെ പെരുന്നാളിനുശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.'
വീടകങ്ങളിൽനിന്ന് ഈദ്ഗാഹിലേക്കും പള്ളികളിലേക്കും പെരുന്നാൾ നമസ്കാരത്തിനെത്താം എന്നത് അവരുടെ മനസ്സിന് ചെറുതല്ലാത്ത ആശ്വാസം പകരുന്നുണ്ട്. നമസ്കാരത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.മഹാമാരി അതിശക്തനായി ഈ ലോകത്ത് തുടരുന്നുണ്ട് എന്ന് മനസ്സിൽ കരുതി വേണം പുറത്തിറങ്ങാനും ആഘോഷിക്കാനും.
ഷാര്‍ജ: നമസ്കാരവും ശേഷമുള്ള പ്രസംഗവും 15 മിനിറ്റില്‍ കൂടരുതെന്ന് ഷാർജ ഇസ്ലാമിക് അഫയേഴ്‌സ് ഡിപ്പാർട്മെൻറ് അറിയിച്ചു. നമസ്കാരത്തിന് 15 മിനിറ്റു മുമ്പ് ആരാധനാലയങ്ങളും ഈദ്ഗാഹുകളും തുറക്കുകയും നമസ്കാരശേഷം ഉടൻ അടക്കുകയും ചെയ്യും. കൂട്ടംകൂടി നില്‍ക്കാനോ ആേശ്ലഷം നടത്താനോ ഹസ്തദാനം നൽകാനോ ശ്രമിക്കരുത്.
വൈറസ് ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയവർ ഈദ് പ്രാർഥനയിൽ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ഷാർജ ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് അറിയിച്ചു.നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഷാർജയിലെ പള്ളികളിലെ സ്ത്രീകളുടെ പ്രാര്‍ഥന ഹാളുകള്‍ അടച്ചിടും.
ഷാര്‍ജ: ക്ലാസിക്കല്‍ അറബ് സംഗീതത്തിെൻറ രാജകുമാരനാണ് കറുത്ത തൊലിയുള്ള വാനമ്പാടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രശസ്ത ഈജിപ്ഷ്യന്‍ ഗായകന്‍ അബ്ദുൽ ഹലീം ഹഫീസ്.
ഗള്‍ഫ് റേഡിയോകളില്‍ ഇദ്ദേഹത്തിെൻറ പാട്ടുകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്നു. 1970ല്‍ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ആത്മാവിലേക്കിറങ്ങുന്ന സ്വരമാധുരി കൊണ്ട് ഇന്നും ജീവിക്കുകയാണ് അബ്ദുൽ ഹലീം.
ഇദ്ദേഹത്തിെൻറ ആദ്യ ഹോളോഗ്രാം പരിപാടിക്ക് ദുബൈ ഓപറ ആതിഥേയത്വം വഹിക്കും. മേയ് 13, 14 തീയതികളിൽ ഈദുൽ ഫിത്ർ ആഘോഷവേളയിലാണ് വേദിയിലെത്തുന്നത്.
90 മിനിറ്റ് ദൈർഘ്യമുള്ള ഷോയിൽ ഗായകെൻറ ഏറ്റവും ജനപ്രിയമായ ചില ഗാനങ്ങൾ അവതരിപ്പിക്കും. ഹോളോഗ്രഫിയും നിർമിതബുദ്ധിയും ഉപയോഗപ്പെടുത്തിയാണ് ഗായകനെ വേദിയിലേക്ക് എത്തിക്കുന്നത്.
ശബ്ദംകൊണ്ട് മാത്രം ഈ അനുഗൃഹീത ഗായകനെ നെഞ്ചിലേറ്റിയവര്‍ക്ക് അദ്ദേഹത്തെ വേദിയില്‍ സാങ്കേതിക മികവില്‍ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.ലേസർ രശ്മികൾ ഉപയോഗിച്ച് വസ്തുക്കളുടെ ത്രിമാന പ്രതിബിംബങ്ങൾ സൃഷ്ടിച്ചാണ് അദ്ദേഹത്തെ വീണ്ടും അവതരിപ്പിക്കുന്നത്.
ഷാര്‍ജ: ഈദുൽ ഫിത്റിെൻറ രണ്ടാം അവധി ദിവസം ഷാർജയിലെ മ്യൂസിയങ്ങൾ സാധാരണ പ്രവർത്തന സമയങ്ങളിലേക്ക് മടങ്ങിവരുമെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്.എം.എ) അറിയിച്ചു.
ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ശില്‍പശാലകളും നടക്കും. ഷാർജ ആർട്ട് മ്യൂസിയത്തിൽ ലാസ്റ്റിങ് ഇംപ്രഷന്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയിൽ അന്തരിച്ച അൽജീരിയൻ കലാകാരെൻറ ബയ എന്നറിയപ്പെടുന്ന കലാസൃഷ്ടികൾ ആസ്വദിക്കാം.
മോഡേൺ ആൻഡ് കണ്ടംപററി അറബ് ആർട്ട് കലക്ഷൻ, ബാർജീൽ ആർട്ട് ഫൗണ്ടേഷെൻറ 'എ സെഞ്ച്വറി ഇൻ ഫ്ലക്സ്', എമിറേറ്റ്സ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ വാർഷിക എക്സിബിഷൻ എന്നിവ ഷാർജ ആർട്ട് മ്യൂസിയത്തില്‍ നടക്കുന്നുണ്ട്. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ രാത്രി എട്ടു വരെയും തുറക്കും. ഷാർജ അക്വേറിയവും ഷാർജ മാരിടൈം മ്യൂസിയവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾ www.sharjahmuseums.comൽ.
അസാധാരണമാം വിധം പൊലീസിനെ വിന്യസിക്കുന്നുണ്ട് ഇക്കുറി ദുബൈ പൊലീസ്. ദുബൈയിൽ മാത്രം 3000 െപാലീസുകാർ കോവിഡ് സുരക്ഷ നിരീക്ഷിക്കും. 500 പട്രോളിങ് സംഘവും 32 ബൈ സൈക്കിൾ പട്രോളിങ് സംഘവും എത്തും. ദുബൈ െപാലീസുമായി സഹകരിച്ച് 700 വളൻറിയർമാർ സുരക്ഷ നിർദേശങ്ങളുമായി രംഗത്തിറങ്ങും.
അടിയന്തര ഘട്ടങ്ങൾ നേരിടാൻ 111 ആംബുലൻസും 72 ഫയർ ട്രക്കുകളും തയാറായിരിക്കും. ദുബൈയിലെ ഒമ്പത് ബീച്ചുകളിൽ 24 പൊലീസ് പട്രോളിങ് സംഘവും 18 ബൈക്ക് പട്രോൾ സംഘവും നിലയുറപ്പിക്കും. ഇതിന് പുറമെ 21 തീരദേശ പട്രോളിങ്ങുകാരുമുണ്ടാകും.
ദുബൈയിൽ കൂട്ടം ചേർന്നാൽ പരിപാടി സംഘടിപ്പിക്കുന്നയാൾക്ക് 50,000 ദിർഹവും പങ്കെടുക്കുന്ന ഓരോരുത്തർക്കും 15,000 ദിർഹവുമാണ് പിഴ. അബൂദബിയിൽ ഇത് യഥാക്രമം 10000, 5000 ദിർഹം വീതമാണ്.
അൽഐൻ: പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാനുള്ള സൗകര്യമൊരുക്കി അൽഐൻ മൃഗശാല. വ്യാഴം മുതൽ ശനി വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ സന്ദർശകർക്കായി തുറക്കും. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് വിങ്സ് ഓഫ് സഹാറ ഷോ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ ആസ്വദിക്കാം. ഇമാറാത്തി പരിശീലകരുടെ മേൽനോട്ടത്തിൽ പക്ഷികൾ പറന്ന് ഇരകളെ വേട്ടയാടുന്നത് കാണാം. ജിറാഫുകൾക്കും നിറമുള്ള വളർത്തുപക്ഷികൾക്കും ഭക്ഷണം നൽകുന്നതിൽ പങ്കെടുക്കാനും അവസരമുണ്ട്.
വന്യമൃഗങ്ങൾ വിശാലമായ ഇടങ്ങളിൽ സ്വതന്ത്രമായി കറങ്ങിനടക്കുമ്പോൾ അവക്കിടയിലൂടെ ആഫ്രിക്കൻ വന്യജീവി പര്യവേക്ഷണം നടത്താം. കോവിഡ് മുൻകരുതലിെൻറ ഭാഗമായി എല്ലാ സഫാരി വാഹനങ്ങളിലും പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് മറകൾ സജ്ജീകരിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.