ജനങ്ങളുടെ ജീവിതം ആനന്ദകരമാക്കാനും സുരക്ഷിതമാക്കാനും എല്ലാ പുതു സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട് യു.എ.ഇ. രാജ്യത്തെ വ്യത്യസ്ത സ്ഥാപനങ്ങളും സർക്കാറിന്റെ നയത്തിനനുസരിച്ച് നവീനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഇത്തരത്തിൽ എമിറേറ്റ്സ് എയർലൈൻ രൂപപ്പെടുത്തിയ ഗംഭീരമായ പദ്ധതിയാണ് 'ബുസ്താനിക' എന്ന തട്ടുകൃഷി കേന്ദ്രം.
നിസ്സാരക്കാരനല്ല ഈ കേന്ദ്രം, ലോകത്തെ ഏറ്റവും വലിയ തട്ടുകൃഷി സംവിധാനമാണിവിടെ രൂപപ്പെടുത്തിയത്. 14.7കോടി ദിർഹം ചിലവിട്ട് എമിറേറ്റ്സ് കമ്പനി പദ്ധതി നടപ്പിലാക്കിയത് വളരെ സുപ്രധാനമായ ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ്. യു.എസ് ആസ്ഥാനമായ 'ക്രോപ് വൺ' കമ്പനിയുമായി സഹകരിച്ചാണ് ഇത് സംവിധാനിച്ചത്. ദുബൈ ജബൽഅലി ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് 'ബുസ്താനിക' എന്ന 33,0000 സ്ക്വയർ ഫൂട്ട് ഹൈഡ്രോപോണിക് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. ഓരോ വർഷവും 10ലക്ഷത്തിലേറെ കിലോ ഗ്രാം പച്ചക്കറി ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ ഇതിന് ശേഷിയുണ്ട്. മൂവായിരം കി. ഗ്രാമാണ് ഓരോ ദിവസത്തെയും ഉൽപാദനം. മണ്ണില്ലാതെ വെള്ളത്തിൽ കൃഷി ചെയ്യുന്ന രീതിയാണ് തട്ടുകൃഷി. താപനില, ഈർപ്പം, വെളിച്ചം, വെള്ളം, പോഷകങ്ങൾ തുടങ്ങി എല്ലാം കൃത്യമായി നിരീക്ഷിക്കുകയും വളർച്ചയും വിളവും വർധിപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റു നൂതന സാങ്കേതിക വിദ്യകൾ എന്നിവയെ ഉപയോഗപ്പെടുത്തി അഗ്രോണമി വിദഗ്ധർ, എൻജിനീയർമാർ, ഹോർട്ടികൾച്ചറിസ്റ്റുകൾ, പ്ലാന്റ് സയന്റിസ്റ്റുകൾ എന്നിവരടങ്ങിയ ഒരു പ്രത്യേക ഇൻ-ഹൗസ് ടീമാണ് 'ബുസ്താനിക'യിൽ പ്രവർത്തിക്കുന്നത്.
പരമ്പരാഗത കൃഷി രീതികളിൽ ഉപയോഗിക്കുന്നതിനേക്കാൾ 95ശതമാനം ജലം കുറവാണ് ഇതിന് ആവശ്യമാകുന്നത്. 250ദശലക്ഷം ലിറ്റർ വെള്ളം പദ്ധതിയിലൂടെ സംരക്ഷിക്കാനാവുമെന്ന് അധികൃതർ അവകാശപ്പെടുന്നു. കീടനാശിനികളോ കളനാശിനികളോ രാസവസ്തുക്കളോ ഇല്ലാതെയാണ് 'ബുസ്താനിക'യിലെ കൃഷി. ദീർഘകാല ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചക്ക് അത്യന്താപേക്ഷിതമാണെന്ന കാഴ്ചപ്പാടിൽ നിന്നാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് എയർലൈനിന്റെ കാറ്ററിങ് യൂനിറ്റും ക്രോപ് വണും യോജിച്ച് നടത്തുന്ന ആദ്യ സംരംഭമാണിത്. ദുബൈ അന്തരാഷ്രട വിമാനത്താവളത്തിൽ എമിറേറ്റ്സ് അടക്കമുള്ള വിമാനങ്ങൾക്കെല്ലാം ഭക്ഷണം എത്തിക്കുന്നത് ഈ കാറ്ററിങ് യൂനിറ്റാണ്. ചീര, അരുഗുല, മിക്സഡ് സാലഡ് തുടങ്ങിയ ബുസ്താനികയിൽ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ ഈ മാസം മുതൽ വിമാനത്തിൽ ലഭിച്ചുതുടങ്ങും. ഷോപ്പിങ് മാളുകൾ വഴിയും ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.