മസ്കത്ത്-ഷാർജ റൂട്ടിൽ ബസ് സർവിസ് ആരംഭിക്കുന്നതിന് മുവാസലാത്തും എസ്.ആർ.ടി.എയും കരാർ ഒപ്പുവെക്കുന്ന ചടങ്ങ്
ടിക്കറ്റ് ചാർജ്, സർവിസ് സമയം തുടങ്ങിയവ വിവരങ്ങൾ ഉടൻ പുറത്തുവിടും
ദുബൈ: മസ്കത്ത്-ഷാർജ റൂട്ടിൽ ബസ് സർവിസ് ആരംഭിക്കുന്നതിന് ഒമാന്റെ ദേശീയ ഗതാഗതകമ്പനിയായ മുവാസലാത്തും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ)യും ധാരണയിൽ.
ഷാർജയിലെ എസ്.ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എൻജിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയുമാണ് കരാറിൽ ഒപ്പുവെച്ചത് .
ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിൽനിന്ന് മസ്കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സർവിസുകളാണ് ആരംഭിക്കുന്നത്. അതിർത്തിയിലെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സ്പെഷൽ റൂട്ടുകളും അനുവദിക്കും. മുവാസലാത്തിന്റെ ഡയറക്ട് ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമായ www.mwasalat.om വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ രണ്ട് രാജ്യങ്ങളിലേയും ബസ് സ്റ്റേഷനുകളിലുള്ള ഔട്ട്ലെറ്റുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും.
അതേസമയം ടിക്കറ്റ് ചാർജ്, സർവിസ് സമയം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ മുവാസലാത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഉടൻ പുറത്തുവിടും.
യു.എ.ഇക്കും ഒമാനിനുമിടയിൽ അന്താരാഷ്ട്ര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മികച്ച ഗതാഗത സൗകര്യമൊരുക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗതം, ടൂറിസം തുടങ്ങിയ പ്രധാനമേഖലകളിൽ അന്താരാഷ്ട്ര ഗതാഗതശൃംഖല ശക്തിപ്പെടുത്താനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബി പറഞ്ഞു. ഒമാനിലെ മറ്റ് ഗതാഗത റൂട്ടുകളുമായി ഈ സേവനം സംയോജിപ്പിച്ച് ഇരു രാജ്യങ്ങളിലെയും നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനവും യാത്രികർക്ക് മികച്ച യാത്രക്കുമാണ് മുവാസലാത്ത് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരക്കു ഗതാഗതമേഖലയെ സഹായിക്കാനായി ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്.ആർ.ടി.എ ചെയർമാൻ എൻജിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.