ദുബൈ: നാട്ടിലെ റോഡ് മുറിച്ചുകടക്കുന്നതുപോലെ യു.എ.ഇയിലെ റോഡ് മറികടക്കുന്നവരാണ് പലരും. എന്നാൽ, പ്രവചനാതീതമായ വേഗതയിൽ വാഹനങ്ങൾ ചീറിപ്പായുന്ന യു.എ.ഇയിൽ ഉദ്ദേശിച്ചതുപോലെ റോഡ് മുറിച്ചുകടക്കാൻ കഴിഞ്ഞെന്നുവരില്ല. ഇത്തരക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ദുബൈ പൊലീസ്. ഈ വർഷം ആദ്യ പകുതിയിൽ റോഡ് മുറിച്ചുകടന്ന് അപകടത്തിൽ മരിച്ചത് 12 പേരാണ്.
ഈ വർഷം അപകടത്തിൽ മരിച്ചത് 192 കാൽനടയാത്രികരാണ്. അതിൽ 12ഉം അശ്രദ്ധമായി റോഡ് മുറിച്ചുകടന്നവരാണ്. 199 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തരം അപകടങ്ങളിൽപെടുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ആദ്യ പാദത്തിൽ 120 അപകടങ്ങളിൽ 11 പേരാണ് മരിച്ചത്. 116 പേർക്കാണ് പരിക്കേറ്റത്. നിയമം ലംഘിച്ച 9415 പേർക്ക് പിഴയിട്ടു. അനുവദനീയമല്ലാത്ത ഇടങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹമാണ് പിഴ. അതേസമയം, സീബ്ര ക്രോസിങ്ങിൽ യാത്രക്കാരെ ഗൗനിക്കാതെ വാഹനം മുന്നോട്ടെടുക്കുന്ന ഡ്രൈവർമാരിൽനിന്ന് 500 ദിർഹം പിഴയും ആറ് ബ്ലാക്പോയന്‍റുകളും പിഴയീടാക്കും.
സുരക്ഷിതമായി റോഡ് മുറിച്ചുകടക്കേണ്ടതിന്‍റെ പ്രാധാന്യം ചിലർക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈധാൻ പറഞ്ഞു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ പായുന്ന റോഡിൽപോലും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവരുണ്ട്. മീറ്ററുകൾക്കപ്പുറം നടപ്പാലമോ ക്രോസിങ് പോയന്‍റോ ഉണ്ടെങ്കിൽപോലും ചിലർ നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നു. കൂടുതൽ അപകടങ്ങളും കാൽനടക്കാരുടെ അശ്രദ്ധമൂലമാണുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.