ദുബൈ സാദിയാത്ത് ഐലൻഡിൽ നടന്ന ശുചീകരണം

മുട്ടയിടാൻ കടലാമകളെത്തും; സഅദിയാത്ത് ദ്വീപ് ശുചീകരിച്ചു

അബൂദബി:കടലാമകളുടെ മുട്ടയിടൽ സീസൺ കണക്കിലെടുത്ത് സന്നദ്ധപ്രവർത്തകർ സഅദിയാത്ത് ഐലൻഡ് ശുചീകരിച്ചു. 156 കിലോഗ്രാം മാലിന്യമാണ് തീരത്തുനിന്ന് ഇവർ നീക്കംചെയ്തത്. ക്രാൻലെയ്ഗ് അബൂദബി സ്കൂളിലെ അധ്യാപകൻ സൈമൺ ജോൺസണിന്‍റെ നേതൃത്വത്തിൽ നാനൂറിലേറെ പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

ശൂചീകരണശേഷം കടലോരത്ത് അഞ്ചുകിലോമീറ്റർ ഓട്ടമത്സരവും നടത്തി. പ്ലാസ്റ്റിക്, ട്രാഫിക് കോണുകൾ, ബോട്ടുകളിൽനിന്നുള്ള മാലിന്യം, കെട്ടിടാവശിഷ്ടങ്ങൾ, കപ്പലുകളിൽനിന്ന് അടിഞ്ഞ അവശിഷ്ടങ്ങൾ മുതലായവയാണ് ബീച്ചിൽനിന്ന് നീക്കിയതെന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ കടലാമ സംരക്ഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന സമുദ്രജീവികളെക്കുറിച്ച് ഗവേഷകയായ ഡോ. ഹിന്ദ് അൽഅമീരി വിശദീകരിച്ചു.

2021ൽ ശ്രീലങ്കൻ തീരത്ത് തീപിടിച്ച് മുങ്ങിയ ചരക്കുകപ്പലിൽനിന്ന് ഇന്ത്യൻ സമുദ്രത്തിൽ വീണത് 1680 ടൺ പ്ലാസ്റ്റിക് പെല്ലറ്റാണ്. ഇതാണ് സഅദിയാത്ത് ഐലൻഡ് അടക്കമുള്ള ബീച്ചുകളിൽ അടിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ഇവർ പറയുന്നു. വെളുത്ത നിറത്തിലുള്ള ഇവ കണ്ട് ആമകൾ മുട്ടകളായി തെറ്റിദ്ധരിക്കുമെന്നും അവർ വ്യക്തമാക്കി.

ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ആമകളുടെ മുട്ടയിടൽ കൂടുകൂട്ടൽ സീസണെന്നും എന്നാൽ, ഇപ്പോഴും ബീച്ചിൽ പ്ലാസ്റ്റിക് സാന്നിധ്യം കൂടുതലാണെന്നും സൈമൺ ജോൺസൺ പറഞ്ഞു. ബീച്ചിന്‍റെ ഭൂരിഭാഗം ഭാഗവും ഇപ്പോൾ ശുചീകരിച്ചതായും അദ്ദേഹം പറഞ്ഞു. 2020ൽ 60 കിലോഗ്രാം മാലിന്യമാണ് തങ്ങൾ നീക്കിയത്. ഇപ്പോൾ ഒരുപാട് മാലിന്യമാണ് തീരത്തടിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - Beach clean-up on Saadiyat Island nets more than 150kg of plastic waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.