പ്രതീകാത്മക ചിത്രം
റാസല്‍ഖൈമ: എമിറേറ്റില്‍ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതായി റാക് പൊലീസ്. തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താൽ 500 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. അഗ്നിശമന-ആംബുലന്‍സ് സേവനങ്ങള്‍ക്ക് വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ നിര്‍ത്തുക, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക, വൈകല്യമുള്ളവര്‍ക്കായി മാറ്റിവെച്ച പാര്‍ക്കിങ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുക തുടങ്ങിവക്കാണ് പ്രധാനമായും പിഴ ചുമത്തുന്നത്.
ഷോപ്പിങ് സെന്‍ററുകള്‍, താമസ മേഖലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ‘നോ പാര്‍ക്കിങ്’ മേഖലകളില്‍ വാഹനം നിര്‍ത്തുന്നവരും നിരീക്ഷണത്തിലാകും. തെറ്റായ പാര്‍ക്കിങ് ഗതാഗത തടസ്സവും അപകട സാധ്യതയും ഉണ്ടാക്കുന്നതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള നിര്‍ദേശ ബോര്‍ഡുകള്‍ ശ്രദ്ധാപൂര്‍വം പിന്തുടരണമെന്നും അധികൃതര്‍ നിർദേശിച്ചു. നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ സ്മാർട് ക്യാമറ സംവിധാനങ്ങളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് പാര്‍ക്കിങ് ഫീസ് ഈടാക്കും
അബൂദബി: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്വയം തിരിച്ചറിഞ്ഞ് പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന അത്യാധുനിക 'ഫ്രീ ഫ്‌ളോ പാര്‍ക്കിങ് സിസ്റ്റം' പദ്ധതിയുമായി അബൂദബി എമിറേറ്റ്. നാണയങ്ങളോ ക്രെഡിറ്റ് കാര്‍ഡുകളോ ഉപയോഗിക്കാതെയും, വിന്‍ഡ് സ്‌ക്രീനില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ പതിക്കാതെയും പൂര്‍ണമായും ഡിജിറ്റലായി പാര്‍ക്കിങ് ഫീസ് അടയ്ക്കാനുള്ള സൗകര്യമാണ് ഇതോടെ ഒരുങ്ങുന്നത്. അബൂദബിയിലെ പൊതു പാര്‍ക്കിങ്, 'ദര്‍ബ്' ടോള്‍ ശൃംഖല എന്നിവ നിയന്ത്രിക്കുന്ന 'ക്യു മൊബിലിറ്റി' ആണ് പുതിയ ക്യാഷ്ലെസ് പദ്ധതി പ്രഖ്യാപിച്ചത്. അബൂദബി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ക്യു മൊബിലിറ്റിയുടെ പ്രവര്‍ത്തനം.
തുടക്കത്തില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളിലും ചില സ്വകാര്യ പാര്‍ക്കിങ് മേഖലകളിലുമാണ് ഈ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്‌നിഷന്‍ (എ.എന്‍.പി.ആര്‍.) സാങ്കേതികവിദ്യ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഏതൊക്കെ സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പിന്നീട് പദ്ധതി മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. പുതിയ സംവിധാനമനുസരിച്ച് വാഹനം നിശ്ചിത പാര്‍ക്കിങ് ഏരിയയില്‍ പ്രവേശിക്കുന്നത് മുതല്‍ സമയം കണക്കാക്കി തുടങ്ങും. വാഹനം പുറത്തേക്ക് പോകുമ്പോള്‍ ഉപയോക്താവിന്റെ 'ദര്‍ബ്' ഇ വാലറ്റില്‍ നിന്ന് തുക സ്വയം ഈടാക്കും. പാര്‍ക്കിങ് ഫീസ് കൃത്യമായി ഈടാക്കുന്നതിനും പിഴകള്‍ ഒഴിവാക്കുന്നതിനും വാഹന ഉടമകള്‍ തങ്ങളുടെ ദര്‍ബ് ഇ വാലറ്റില്‍ ആവശ്യത്തിന് ബാലന്‍സ് ഉറപ്പുവരുത്തണം.
അബൂദബിയില്‍ പെയ്ഡ് പാര്‍ക്കിങ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.