ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ് രൂപരേഖ
ദുബൈ: അൽ അവീർ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് വിപുലീകരിച്ച് ‘ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ്’ എന്ന പേരിലേക്ക് മാറ്റുന്നു. വിപുലമായ വികസനവും പുനർബ്രാൻഡിങ്ങും ഡി.പി വേൾഡ് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. 2004ൽ ആരംഭിച്ച അൽ അവീർ മാർക്കറ്റിനെ ലോകത്തിലെ ഏറ്റവും വലിയതും ആധുനികവുമായ ഭക്ഷ്യവ്യാപാരകേന്ദ്രങ്ങളിലൊന്നാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2024 ജൂലൈയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം 2027ൽ ആരംഭിക്കും.
നിലവിലെ മാർക്കറ്റിന്റെ വലുപ്പം ഇരട്ടിയിലധികം വർധിപ്പിച്ച് 2.9 കോടി സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള മൾട്ടി-കാറ്റഗറി ഫുഡ് ട്രേഡ് ഹബ്ബായാണ് ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ് വികസിപ്പിക്കുക.പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, രുചികരമായ ഭക്ഷ്യവസ്തുക്കൾ, സ്പെഷാലിറ്റി ഉൽപന്നങ്ങൾ എന്നിവ ഇവിടെ വളരെ വിപുലമായ രീതിയിൽ ലഭ്യമാക്കും. അതിനൊപ്പം കോൾഡ് സ്റ്റോറേജ്, താപനില നിയന്ത്രിത വെയർഹൗസുകൾ, പ്രൈമറി-സെക്കൻഡറി പ്രോസസിങ് യൂനിറ്റുകൾ, ഡിജിറ്റൽ ബാക്ക്-ഓഫിസ് സംവിധാനങ്ങൾ, കാഷ്-ആൻഡ്-ക്യാരി സൗകര്യങ്ങൾ, ഗോർമെറ്റ് ഫുഡ് ഹാൾ എന്നിവയും സജ്ജമാക്കും.നിലവിൽ 2,500ലധികം വ്യാപാരികൾ വ്യാപാരം നടത്തുന്ന അൽ അവീർ മാർക്കറ്റിനെ ശക്തിപ്പെടുത്തി വിതരണം വേഗത്തിലാക്കുകയും സപ്ലൈ ചെയിൻ റിസ്കുകൾ കുറക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 20ലധികം രാജ്യങ്ങളിലേക്കുള്ള ഡി.പി വേൾഡിന്റെ ലോജിസ്റ്റിക്സ് നെറ്റ്വർക്കുമായി ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ കണക്ടിവിറ്റിയും ഇതിന്റെ പ്രധാന സവിശേഷതയാണ്. ദുബൈയെ ആഗോള ഭക്ഷ്യവ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതിയെ 2026ലെ ഗൾഫുഡ് പ്രദർശനത്തിൽ ഡി.പി വേൾഡ് അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.