റാസല്‍ഖൈമ: വാഹനങ്ങളുടെ ശേഷിക്കതീതമായി അമിത ചരക്ക് നീക്കം നടത്തുന്നതിനെതിരെ ബോധവത്കരണ പ്രചാരണവുമായി റാക് പൊലീസ്. മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് ‘നിങ്ങളുടെ ചരക്ക് സുരക്ഷിതമാക്കുന്നത് കടമയാണ്’ എന്ന ശീര്‍ഷകത്തിലാണ് കാമ്പയിനെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനങ്ങളിലെയും ട്രക്കുകളിലെയും അമിത ഭാരം റോഡ് ഉപയോക്താക്കളുടെ ജീവന് വരെ ഭീഷണിയാകുന്നതായി ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. വാഹനങ്ങളുടെ കേടുപാടുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍മാരുടെ നിയമലംഘനത്തിലുള്പ്പെടുന്നതാണ്.
രാജ്യത്തെ ഗതാഗാത നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയന്റുകളും ലഭിക്കും. വാഹനങ്ങളില്‍ നിന്ന് വസ്തുക്കള്‍ നിരത്തില്‍ വീഴുകയോ ചോരുകയോ ചെയ്താല്‍ 3,000 ദിര്‍ഹവും 12 ട്രാഫിക് ബ്ലാക്ക് പോയന്റുകളുമാണ് പിഴ. തുറന്ന രീതിയില്‍ ട്രക്കുകളില്‍ ചരക്ക് നീക്കം നടത്തിയാല്‍ 3,000 ദിര്‍ഹമാണ് പിഴയെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
അമിത ഭാരം കയറ്റുന്നത് ഹെവി ട്രക്കുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും അപകടത്തിനും ദുരന്തത്തിനും വഴിവെക്കുന്നതുമാണെന്ന് ഡ്രൈവര്‍മാരും വാഹന ഉടമകളും തിരിച്ചറിയണം. ചരക്ക് നീക്കം നടത്തുന്ന വസ്തുക്കളില്‍ ചിലത് തീപിടിത്തത്തിന് ഇടയാക്കുന്നതാണ്.
ഇത് കൂടുതല്‍ അളവില്‍ വാഹനത്തില്‍ കയറ്റുന്നത് ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതാണ്. വാഹന-റോഡ്-ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ വിഭാഗമാളുകളും ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.