അബൂദബി: ബറക ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. വീടുകള്‍ക്കും ആശുപത്രികള്‍ക്കും വ്യവസായങ്ങള്‍ക്കും ആവശ്യമായ ശുദ്ധമായ ഊർജം ഉല്‍പ്പാദിപ്പിക്കുന്ന ആണവ നിലയത്തിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് വ്യവസായ, ഉന്നത സാങ്കേതികവിദ്യ മന്ത്രി ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ വ്യക്തമാക്കി. വികസനത്തിലേക്കും പുരോഗതിയിലേക്കും കുതിക്കാനും സ്വന്തം ജനങ്ങള്‍ക്ക് ശുദ്ധമായ ഊര്‍ജം എത്തിക്കാനുമുള്ള എല്ലാ രാജ്യങ്ങളുടെയും അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്.
ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് യു.എ.ഇയെ തളര്‍ത്താനാകില്ല. ബറക നിലയം തുടര്‍ന്നും പ്രവര്‍ത്തിക്കും. രാജ്യത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി യു.എ.ഇ മുന്നോട്ട് തന്നെ പോകും. ഇത്തരം വെല്ലുവിളികള്‍ രാജ്യത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തെ കൂടുതല്‍ ശക്തമാക്കുകയേ ഉള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അല്‍ ദഫ്റ മേഖലയിലെ ബറക ആണവനിലയത്തിനു സമീപത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തെക്കുറിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റഗുലേഷന്‍ (എഫ്.എ.എന്‍.ആര്‍) കൃത്യമായ നിരീക്ഷണം നടത്തിവരികയാണ്. സംഭവം ബറക ആണവനിലയത്തിന്‍റെ സുരക്ഷയെയോ അവശ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെയോ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് എഫ്.എ.എന്‍.ആര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലയത്തില്‍ നിന്ന് ആണവ വികിരണ പദാർഥങ്ങളൊന്നും പുറത്തുപോയിട്ടില്ല. അണുവികിരണ സുരക്ഷാ അളവുകള്‍ പൂര്‍ണമായും സാധാരണ നിലയിലാണ്. പൊതുജനങ്ങള്‍ക്കോ പരിസ്ഥിതിക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്നും, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പ്ലാന്‍റ് ഓപ്പറേറ്റര്‍മാരുമായും ബന്ധപ്പെട്ട ദേശീയ അതോറിറ്റികളുമായും ചേര്‍ന്ന് എഫ്.എ.എന്‍.ആര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്ലാന്‍റ് സംവിധാനങ്ങളുടെ സുരക്ഷയും പ്രവർത്തന ക്ഷമതയും ഉറപ്പാക്കാന്‍ നിരന്തരമായ നിരീക്ഷണം തുടരുകയാണ്. അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ബറക നിലയം രൂപകല്‍പ്പന ചെയ്തിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതും. ഏത് പ്രതികൂല സാഹചര്യത്തിലും സുരക്ഷിതമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തക്കവണ്ണമുള്ള ബഹുതല സുരക്ഷാ സംവിധാനങ്ങള്‍ പ്ലാന്‍റിലുണ്ട്. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും സ്വതന്ത്രമായ നിയന്ത്രണ മേല്‍നോട്ടം തുടരുമെന്നും അതോറിറ്റി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും എഫ്.എ.എന്‍.ആര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.