ഡോ. ആസാദ് മൂപ്പൻ
ബംഗളൂരു: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ്, ലയന നടപടികൾ പൂർത്തിയായ ശേഷമുള്ള സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ഫലങ്ങൾ പുറത്തുവിട്ടു. സംയുക്ത ശൃംഖലയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധിച്ച് 2,597 കോടി രൂപയായി. പ്രവർത്തന ലാഭം 30 ശതമാനം വർധിച്ച് 576 കോടി രൂപയിലെത്തുകയും ലാഭവിഹിതം 22.2 ശതമാനമായി ഉയരുകയും ചെയ്തു.
ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ 1,311 കോടി രൂപയുടെയും, ക്വാളിറ്റി കെയർ 1,287 കോടി രൂപയുടെയും വരുമാനം ആദ്യപാദത്തിൽ കൈവരിച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ പ്രവർത്തന ലാഭം 30 ശതമാനം വർധിച്ച് 279 കോടി രൂപയായപ്പോൾ, ക്വാളിറ്റി കെയർ പ്രവർത്തന ലാഭം 32 ശതമാനം വർധിച്ച് 299 കോടി രൂപയായി.
ആസ്റ്റർ, കെയർ, കിംസ് ഇന്ത്യ, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകളെ ഒരൊറ്റ ശൃംഖലക്ക് കീഴിൽ കൊണ്ടുവന്നതോടെ 28 നഗരങ്ങളിലായി 10,800-ലധികം കിടക്കകളുള്ള വൻ ശൃംഖലയായി മാറാൻ സാധിച്ചതായി എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറിയ സംയുക്ത സ്ഥാപനം, വരും വർഷങ്ങളിൽ രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം 15,000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ, എ.ഐ, റോബോട്ടിക്സ് എന്നിവയിലൂടെ ആരോഗ്യരംഗത്ത് വൻമാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലയനം പൂർത്തിയായെങ്കിലും രോഗീപരിചരണത്തിനും ചികിത്സാ മികവിനും നൽകുന്ന മുൻഗണനയിൽ മാറ്റമുണ്ടാകില്ലെന്ന് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ വരുൺ ഖന്ന അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 13 ശതമാനം വർധനവോടെ, ഈ പാദത്തിൽ മാത്രം ഇൻ-പേഷ്യന്‍റ്, ഔട്ട്-പേഷ്യന്‍റ് വിഭാഗങ്ങളിലായി ആകെ 20 ലക്ഷം പേർക്ക് ചികിത്സ നൽകാൻ സാധിച്ചു. പുതിയ ആശുപത്രികളിൽ നിന്നുള്ള വരുമാനത്തിലും മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ലയനത്തിലൂടെ രൂപപ്പെട്ട പുതിയ പ്ലാറ്റ്‌ഫോമിന്‍റെ മുഴുവൻ സാധ്യതകളും വരും മാസങ്ങളിൽ പ്രയോജനപ്പെടുത്തുമെന്ന് മാനേജ്‌മെന്‍റ് വ്യക്തമാക്കി. പുതുതായി പ്രവർത്തനം ആരംഭിച്ച കാസർകോട് ആശുപത്രി പ്രവർത്തനം തുടങ്ങി ഒമ്പതാം മാസത്തിൽ പ്രവർത്തന ലാഭത്തിലെത്തി എന്നതും പ്രധാന നേട്ടമാണ്. ആസ്റ്ററിന്‍റെയും ക്വാളിറ്റി കെയറിന്‍റെയും പുതിയ യൂനിറ്റുകളിൽനിന്ന് വരുമാനത്തിൽ യഥാക്രമം 95 ശതമാനം, 47 ശതമാനം എന്നിങ്ങനെ വൻ വളർച്ചയാണുണ്ടായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.