ലോകം മുഴുവൻ വിറച്ചുപോയ നാളുകളാണ് കടന്നുപോയത്. അതിവേഗമായിരുന്നു കോവിഡിെൻറ വ്യാപനം. 200ലേറെ ദേശങ്ങളിൽ നിന്നുള്ള മനുഷ്യർ പാർക്കുന്ന, ലോകത്തിെൻറ എല്ലാ കോണുകളിൽ നിന്നുമുള്ള ജനങ്ങൾ വന്നുപോകുന്ന യു.എ.ഇയിലും ഇൗ ആഗോള പകർച്ചവ്യാധി കടന്നെത്തിയത് സ്വാഭാവികം. വ്യാപന സാധ്യത ശ്രദ്ധയിൽപെട്ട നാളുകളിൽ തന്നെ സാമൂഹിക അകലം ജീവിതരീതിയാക്കിയും കൂടുതൽ ജാഗ്രത ഉറപ്പാക്കാൻ ലോക്ഡൗൺ ഏർപ്പെടുത്തിയും ഇൗ നാട് പ്രതിരോധ മുന്നേറ്റത്തിനായി ചുവടുവെച്ചു.
അത്ര എളുപ്പമായിരുന്നില്ല അതൊന്നും. സദാ ചടുലമായി ചലിച്ചു കൊണ്ടിരിക്കുന്ന, ഉറങ്ങാത്ത നഗരങ്ങളെ നിശ്ചലമാക്കുക എന്നത് തികച്ചും ശ്രമകരമത്രേ. ധിഷണാശാലികളും ദാർശനികരുമായ ഭരണാധികാരികളുടെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ അതു വിജയകരമായി നടപ്പാക്കി. പരിശോധനയും ക്വാറൻറീനും ചികിത്സയുമൊന്നും ക്ഷിപ്രസാധ്യമായിരുന്നില്ല. പക്ഷേ, പൈതൃകത്തിൽ ഉൾച്ചേർന്നു നിൽക്കുന്ന ഉത്സാഹം ഇൗ വെല്ലുവിളികൾക്കിടയിലും പ്രകടമാക്കാൻ ഇമറാത്തിനായി.
ഫീൽഡ് ഹോസ്പിറ്റലുകളും വർസാനിലേതു പോലുള്ള വിശാലമായ സൗകര്യങ്ങളും വ്യാപകമായ രോഗപരിശോധനയുമെല്ലാം ഏതാനും ആഴ്ചകൾ കൊണ്ട് സജ്ജമാക്കി യു.എ.ഇ. ജനസംഖ്യാനുപാതികമായി നോക്കിയാൽ ലോകത്ത് ഏറ്റവുമധികം കോവിഡ് പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണിത്. നേതൃത്വത്തോടുള്ള അനുസരണയും ജനതയോടുള്ള കരുതലും കോവിഡ് വിരുദ്ധ പോരാട്ടത്തിെൻറ കാലത്ത് നമുക്ക് ഒാരോരുത്തർക്കും നേരിട്ട് അനുഭവിക്കാനായി.
വാണിജ്യ മേഖലയെ മാന്ദ്യത്തിെൻറ പരിക്കിൽ നിന്ന് സംരക്ഷിച്ചുനിർത്താൻ പാക്കേജുകളും ഇളവുകളും പൊതുജനങ്ങൾ വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ 10 മില്യൻ മീൽസ് ഉൾപ്പെടെ ക്ഷേമ പദ്ധതികൾ, സ്വജീവനേക്കാൾ സഹജീവികളുടെ ആരോഗ്യത്തിന് പ്രാധാന്യം കൽപിച്ച ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ... അങ്ങനെ ഒരുപാട് ഹീറോസ് ഒത്തുചേർന്നാണ് ഇൗ പോരാട്ടം മുന്നോട്ടുകൊണ്ടുപോയത്.
നേരിട്ട വെല്ലുവിളിയെ വലിയ ഒരളവുവരെ ചെറുത്തു തോൽപിക്കാൻ നമുക്കായിരിക്കുന്നു. ആശ്വസിക്കാവുന്ന ഘട്ടമാണിത്, പക്ഷേ അതിരുവിടരുത്. നാം പരിശീലിച്ച ജാഗ്രത കൈമോശം വരുത്തുകയുമരുത്. പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവർക്കെല്ലാം പ്രേത്യക കരുതലും ശ്രദ്ധയും നൽകണം. ഇൗ നാളുകളിൽ നടത്തിയ പ്രയത്നങ്ങളുടെ ഇരട്ടി അധ്വാനം വേണം ഇവ നിലനിർത്താൻ. ലോക ആരോഗ്യ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു അധ്യായമായിരിക്കും കോവിഡ് കാലഘട്ടം. ഇൗ കാലത്തെ വെല്ലുവിളികളെ മാനുഷികവും മാതൃകാപരവുമായ ആത്മവിശ്വാസത്തോടെ നേരിട്ട രാജ്യം എന്നായിരിക്കും യു.എ.ഇയെ ചരിത്രം രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.