ഫുജൈറ: പതിറ്റാണ്ടിലേറെയായി രാജ്യത്ത് കാണാതിരുന്ന അപൂർവയിനം ‘അറേബ്യൻ കാട്ടുപൂച്ചകളെ’ ഫുജൈറയിലെ വാദി വുറയ നാഷനൽ പാർക്കിൽ കണ്ടെത്തി. മഷ്‌റെക് ബാങ്കും ഫുജൈറ എൻവയോൺമെന്‍റ് അതോറിറ്റിയും സംയുക്തമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി പാർക്കിന്‍റെ ഉൾക്കാടുകളിൽ സ്ഥാപിച്ച കാമറകളിലാണ് ഈ കാട്ടുപൂച്ചകളുടെ ചിത്രങ്ങൾ പതിഞ്ഞത്. ‘എമിറേറ്റ്‌സ് നേച്ചർ - ഡബ്ല്യു.ഡബ്ല്യു.എഫ്’ ആണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. പരിസ്ഥിതി സംരക്ഷണ രംഗത്ത് വലിയൊരു നാഴികക്കല്ലായി ഇത്.
‘ഫെലിസ് ലിബിക്ക’ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മനുഷ്യരിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറി ജീവിക്കുന്ന ഇവ രാത്രികാലങ്ങളിൽ മാത്രമാണ് പുറത്തിറങ്ങുന്നത്. പ്രായപൂർത്തിയായ അറേബ്യൻ കാട്ടുപൂച്ചകൾ മനുഷ്യരെ തങ്ങളുടെ അടുത്തേക്ക് വരാൻ ഒട്ടും അനുവദിക്കാറില്ല. ഇക്കാരണത്താൽ, ഇവയെ കണ്ടെത്തുകയെന്നത് വന്യജീവി ഗവേഷകർക്ക് വെല്ലുവിളിയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നാഷനൽ പാർക്കിൽ തുടരുന്ന നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ രണ്ട് കാട്ടുപൂച്ചകളുടെ ചിത്രങ്ങൾ ലഭിച്ചത്. യു.എ.ഇയിൽ കാണപ്പെടുന്ന സസ്തനികളിൽ ഏറ്റവും കൂടുതൽ ഒളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണ് അറേബ്യൻ കാട്ടുപൂച്ചകളെന്ന് എമിറേറ്റ്‌സ് നേച്ചർ-ഡബ്ല്യു.ഡബ്ല്യു.എഫ് ഡയറക്ടർ ഡോ. ആൻഡ്രൂ ഗാർഡ്നർ പറഞ്ഞു. ഹജർ മലനിരകളിൽ ഇവയുടെ സാന്നിധ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകൾ കുറവായിരുന്നു. വുറയ നാഷനൽ പാർക്കിൽ രണ്ട് വർഷം മുൻപ് സ്ഥാപിച്ച കാമറകളിലാണ് ഇപ്പോൾ രണ്ട് അറേബ്യൻ കാട്ടുപൂച്ചകളുടെ ചിത്രങ്ങൾ ലഭിച്ചത്’ -അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ ഈ ജീവിവർഗം സുരക്ഷിതമാണെങ്കിലും യു.എ.ഇയിൽ ഇവ കടുത്ത വംശനാശഭീഷണി നേരിടുന്നുണ്ട്. സാധാരണ വളർത്തുപൂച്ചകളുമായി ഇണചേരുന്നതിലൂടെയുണ്ടാകുന്ന സങ്കരവർഗ ഉത്പാദനമാണ് ഇവ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യഥാർത്ഥ ജനിതകഗുണമുള്ള അറേബ്യൻ കാട്ടുപൂച്ചകളുടെ വംശശുദ്ധി ഇത് നഷ്ടപ്പെടുത്തുന്നു. ജനിതക പരിശോധന കൂടാതെ, സങ്കരയിനം പൂച്ചകളെ യഥാർഥ കാട്ടുപൂച്ചകളിൽ നിന്ന് വേർതിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണെന്ന് ഡോ. ഗാർഡ്നർ പറഞ്ഞു.
വർധിച്ചുവരുന്ന നഗരവൽക്കരണം, ക്വാറികളുടെ പ്രവർത്തനം, റോഡ് നിർമാണം, മലനിരകളിലൂടെയുള്ള അനിയന്ത്രിതമായ ഓഫ്-റോഡ് ഡ്രൈവിങ് എന്നിവ ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങളെ തകർക്കുന്നുണ്ട്. കാട്ടാടുകളും കഴുതകളും മലനിരകളിലെ സസ്യങ്ങൾ തിന്നുതീർക്കുന്നതിനാൽ കാട്ടുപൂച്ചകളുടെ പ്രധാന ഭക്ഷണമായ ചെറിയ ഉരഗങ്ങൾക്കും പ്രാണികൾക്കും വംശനാശം നേരിടുന്നതും ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ഫുജൈറയുടെ അഞ്ചിലൊന്ന് ഭാഗത്തോളം (225 ചതുരശ്ര കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്ന വാദി വുറയ നാഷനൽ പാർക്ക് യു.എ.ഇയിലെ വന്യജീവി സംരക്ഷണത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.