അശ്രദ്ധമായി മെയിൻ റോഡിലേക്ക് കയറിയ എസ്.യു.വിയിൽ കാറിടിക്കുന്നു. ഷാർജ പൊലീസ് പങ്കുവെച്ച ദൃശ്യങ്ങളിൽനിന്ന്
ഷാർജ: സൈഡ് റോഡിൽ നിന്ന് അശ്രദ്ധമായി മെയിൻ റോഡിലേക്ക് കയറിയ എസ്.യു.വിയിൽ കാറിടിച്ച് അപകടം. റോഡുകളിൽ ജാഗ്രത പാലിക്കേണ്ടതിന്‍റെയും സുരക്ഷിതമായി വാഹനമോടിക്കേണ്ടതിന്‍റെയും പ്രാധാന്യം ഓർമിപ്പിച്ച് അപകട ദൃശ്യങ്ങൾ ഷാർജ പൊലീസ് പുറത്തുവിട്ടു. ഒരു സൈഡ് സ്ട്രീറ്റിൽനിന്ന് വേഗത്തിൽ മെയിൻ റോഡിലേക്ക് കയറുന്ന വലിയൊരു എസ്.യു.വി കാറാണ് വീഡിയോയിലുള്ളത്. അതേസമയം തന്നെ, ഒരു ചെറിയ കാർ വേഗത്തിൽ റോഡിലൂടെ വരുന്നുണ്ടായിരുന്നു. എസ്.യു.വി തന്റെ പാതയിലേക്ക് കയറിയത് ചെറിയ കാറിന്റെ ഡ്രൈവർ അറിഞ്ഞിരുന്നില്ല.
നിമിഷങ്ങൾക്കകം രണ്ട് വാഹനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു. പെട്ടെന്ന് ബ്രേക്ക് പിടിക്കാൻ പോലും സമയം ലഭിക്കുന്നതിന് മുമ്പുതന്നെ ചെറിയ കാർ എസ്.യു.വിയിലേക്ക് ഇടിച്ചുകയറി. മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്താതെ ഡ്രൈവർമാർ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ എത്ര പെട്ടെന്നാണ് ഗുരുതരമായ റോഡപകടങ്ങൾ സംഭവിക്കുന്നതെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
മെയിൻ റോഡുകളിലേക്ക് കയറുമ്പോഴോ മറ്റ് പാതകളിലേക്ക് ലൈൻ മാറുമ്പോഴോ റോഡിൽ തടസ്സങ്ങളില്ലെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് ഷാർജ പൊലീസ് അഭ്യർഥിച്ചു. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പ്രതികരിക്കാൻ സമയം നൽകാതെ വലിയ അപകടങ്ങൾക്ക് കാരണമാകാം. റോഡിൽ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കണം. പ്രധാന റോഡുകളിലേക്ക് കയറുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.
കഴിഞ്ഞ മാസവും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങിന്റെയും പെട്ടെന്നുള്ള ലൈൻ മാറ്റത്തിന്റെയും അപകടങ്ങൾ വ്യക്തമാക്കുന്ന വിഡിയോ ഷാർജ പൊലീസ് പുറത്തുവിട്ടിരുന്നു. രണ്ട് ലൈനുകൾ കടന്ന് പെട്ടെന്ന് എക്സിറ്റിലേക്ക് പോകാൻ ശ്രമിച്ച കാറിലേക്ക് പിന്നിൽ നിന്നുവന്ന ഫോർ വീൽ ഡ്രൈവ് വാഹനം ഇടിച്ചുകയറുന്ന ദൃശ്യങ്ങളായിരുന്നു അതിൽ.
യു.എ.ഇയിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരത്തിലുള്ള ‘പെട്ടെന്നുള്ള വെട്ടിക്കലുകൾ’ ആണ്. കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ അപകടങ്ങളിൽ ആറിലൊന്നിനും കാരണം ഇതായിരുന്നു. എല്ലാവരും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും ഷാർജ പൊലീസ് അഭ്യർഥിച്ചു. സുരക്ഷിത ഡ്രൈവിങ്ങിനെക്കുറിച്ചും റോഡിലെ ജാഗ്രതയെക്കുറിച്ചും ബോധവൽക്കരണം ശക്തമായി തുടരുകയാണ് ഷാർജ പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.