അബൂദബി: വാഹനം തകരാറിലായോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ റോഡിന് നടുവിൽ നിർത്തിയിടുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകുമെന്നും ഇത്തരം പ്രവണതകളിൽ നിന്ന് ഡ്രൈവർമാർ പൂർണമായും പിന്തിരിയണമെന്നും അബൂദബി പൊലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. റോഡിലെ ട്രാഫിക് ലെയിനുകളിൽ വാഹനങ്ങൾ നിർത്തുന്നത് കാരണം അടുത്തിടെ തുടർച്ചയായുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അതോറിറ്റി നടപടി കടുപ്പിച്ചത്.
മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്‍ററുമായി സഹകരിച്ച് അബൂദബി പൊലീസ് പുറത്തുവിട്ട പുതിയ ബോധവത്കരണ വീഡിയോയിൽ, റോഡിന് നടുവിൽ വാഹനം നിർത്തിയിടുന്നത് മൂലം പിന്നാലെയെത്തുന്ന മറ്റ് വാഹനങ്ങൾ ഇടിച്ചുകയറി വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നത് വ്യക്തമാക്കുന്നുണ്ട്. ശ്രദ്ധക്കുറവും പെട്ടെന്ന് വാഹനം വെട്ടിച്ചു മാറ്റാൻ സാധിക്കാത്തതുമാണ് ഇത്തരം അപകടങ്ങളുടെ ആഘാതം കൂട്ടുന്നത്.
ടയർ പഞ്ചറാവുകയോ മറ്റ് അടിയന്തര യന്ത്രതകരാറുകൾ സംഭവിക്കുകയോ ചെയ്താൽ പോലും റോഡിന് നടുവിൽ വാഹനം നിർത്തുന്നത് മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന് വലിയ ഭീഷണിയാണെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനം തകരാറിലായാൽ സാധ്യമാകുന്നത്ര വേഗത്തിൽ തൊട്ടടുത്ത എക്സിറ്റിലേക്കോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്കോ മാറ്റി നിർത്താൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.
ഏതെങ്കിലും കാരണവശാൽ വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ, ഡ്രൈവർമാർ ഉടനടി കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന്‍റെ ‘999’ എന്ന നമ്പറിൽ വിളിച്ച് സഹായം തേടേണ്ടതാണ്. വിവരമറിയിക്കുന്നതിലൂടെ അടിയന്തര രക്ഷാപ്രവർത്തക സംഘത്തിന് വേഗത്തിൽ സ്ഥലത്തെത്താനും വലിയ അപകടങ്ങൾ ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിക്കാനും സാധിക്കും. ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധ തിരിയലുകൾ ഒഴിവാക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.