ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് 2026 ആഗസ്റ്റ് 28 വെള്ളിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഫെഡറൽ ഗവണ്മെന്‍റിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതുഅവധിയായിരിക്കുമെന്ന് യു.എ.ഇ ഗവണ്മെന്‍റ് മീഡിയ ഓഫിസ് അറിയിച്ചു.
പൊതു അവധി വെള്ളിയാഴ്ചയായതിനാൽ, ശനി, ഞായർ ദിവസങ്ങളിൽ സാധാരണ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക് ആഗസ്റ്റ് 28 മുതൽ 30 വരെ മൂന്നുദിവസം തുടർച്ചയായ അവധി ലഭിക്കും. ആഗസ്റ്റ് 31 തിങ്കളാഴ്ചയാണ് ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കേണ്ടത്. ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് നിലവിൽതന്നെ വെള്ളിയാഴ്ചകളിൽ സാധാരണ വാരാന്ത്യ അവധിയുടെ ഭാഗമായി അവധിയുണ്ട്.
സ്‌കൂളുകളിലെ വേനലവധിയുടെ അവസാന ആഴ്ചയിലാണ് ഈ അവധി വരുന്നത്. ആഗസ്റ്റ് 31നാണ് 2026-27 അധ്യയന വർഷം ആരംഭിക്കുന്നത്. യു.എ.ഇയുടെ പൊതു അവധി ദിനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് നബിദിനം. ഔദ്യോഗിക പ്രഖ്യാപനങ്ങളിലൂടെയാണ് ഇതിന്റെ അന്തിമ തീയതിയും മാറ്റങ്ങളും സ്ഥിരീകരിക്കുന്നത്.
ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ 12നാണ് ലോകമെമ്പാടുമുള്ള മുസ്ലിംകൾ നബിദിനം ആഘോഷിക്കുന്നത്. ഓരോ ഹിജ്റ മാസം 29നും യു.എ.ഇയിലെ മാസപ്പിറവി നിരീക്ഷണ സമിതി, അടുത്ത മാസം ആരംഭിക്കുന്നത് പ്രഖ്യാപിക്കുന്നതിനായി യോഗം ചേരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.