രാജപ്രൗഡിയിലേക്ക് മാടിവിളിച്ച് അല്‍ ജാഹിലി കോട്ട

ഇന്നത്തെ സുന്ദരമായ കാഴ്ചകള്‍ക്കു പിന്നില്‍ ഇന്നലെകളുടെ സമ്പന്നമായ ചരിത്രങ്ങളുണ്ട്. കാഴ്ചയുടെ അനുഭൂതികള്‍ നുകരുന്നതിനൊപ്പം ആ ചരിത്രങ്ങള്‍ കൂടി അറിയാനൊരു ശ്രമം നടത്തണമെന്നുമാത്രം. അല്‍ ഐനിലെ അല്‍ ജാഹിലി കോട്ട ഇത്തരമൊരു ചരിത്രകുടീരമാണ്. 1891ല്‍ ശൈഖ് സായിദ് ബിന്‍ ഖലീഫ ആല്‍ നഹ്​യാന്‍റ(സായിദ് ഒന്നാമന്‍) നിര്‍ദേശപ്രകാരം തുടങ്ങിവച്ച അല്‍ ജാഹിലി കോട്ടയുടെ നിര്‍മാണം 1898ലാണ് പൂര്‍ത്തിയായത്. മേഖലയിലെ ഗോത്രവിഭാഗങ്ങള്‍ക്ക് ഭരണസൗകര്യമൊരുക്കുക, വേനല്‍ക്കാല വസതിയായി ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു അദ്ദേഹം കോട്ട നിര്‍മിച്ചത്. ശൈഖ് സായിദിന്‍റ നിര്യാണശേഷം അദ്ദേഹത്തിന്‍റ മൂത്ത പുത്രനായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ ജാഹിലി കോട്ടയില്‍ താമസം തുടങ്ങി. മൂന്ന് പതിറ്റാണ്ടുകാലമാണ് അദ്ദേഹം സകുടുംബം കോട്ടയില്‍ താമസിച്ചത്.

കാലം കടന്നുപോയി. രാജ്യം അഭിവൃദ്ധിപ്പെട്ടു വന്നതോടെ സ്വാഭാവികമായ ശ്രദ്ധക്കുറവുണ്ടായി. 1950കളുടെ തുടക്കത്തില്‍ അല്‍ഐനില്‍ ബ്രിട്ടീഷ് സേന എത്തിയതോടെ അല്‍ ജാഹിലി കോട്ട അവരുടെ റീജ്യനല്‍ ആസ്ഥാനമായി ഉപയോഗിക്കാന്‍ തുടങ്ങി. ബാരക്കുകളും മറ്റു കെട്ടിടങ്ങളും കോട്ടയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1970വരെ കോട്ട സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. 1985ല്‍ കോട്ടയില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി. 2007-2008 കാലത്ത് കോട്ട ബൃഹത്തായതും നൂതനവുമായ വികസന പദ്ധതികള്‍ക്കു വിധേയമായി. കോട്ട കാണാനെത്തുന്നവര്‍ക്കായി വിവരങ്ങള്‍ കൈമാറുന്ന കേന്ദ്രവും സ്ഥിരമായ പ്രദര്‍ശന കേന്ദ്രവും ഒക്കെ ഒരുക്കി.

ചതുരാകൃതിയിലാണ് ഉയര്‍ന്ന മതിലുകളോടു കൂടിയ കോട്ടയുടെ നിര്‍മാണം. ഇതിനോടൊപ്പം വൃത്താകൃതിയിലുള്ള ഗോപുരവും തലയുയര്‍ത്തി നില്‍ക്കുന്നു. നവീകരണത്തിനു ശേഷം കോട്ടയുടെ മൂന്ന് അരികുകളിലും ഗോപുരങ്ങള്‍ നിര്‍മിച്ചു. നാലാമത്തെ അരികില്‍ ശൈഖിന്‍റ മജ്‌ലിസും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ രാത്രി 7 വരെയാണ് കോട്ടയിലേക്ക് പ്രവേശനം അനുവദിക്കുക. പ്രദര്‍ശന കേന്ദ്രത്തില്‍ പ്രവേശനം സൗജന്യമാണ്.

1940കളില്‍ ഇമാറാത്തി, ഒമാനി പൗരന്മാര്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമിയായ റുബുഅല്‍ ഖാലി രണ്ടു തവണ മുറിച്ചു കടന്ന സാഹസിക പര്യവേക്ഷകനും യാത്രാ എഴുത്തുകാരനും ഫോട്ടോഗ്രാഫുമായിരുന്ന സര്‍ വില്‍ഫ്രഡ് തെസിഗറിനു സമര്‍പ്പിച്ചതാണ് കോട്ടയിലെ പ്രദര്‍ശന കേന്ദ്രം. ഇതിനു പുറമേ താല്‍ക്കാലിക പ്രദര്‍ശന ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒന്നുറപ്പാണ്​, അല്‍ ജാഹിലി കോട്ട അവിടെയെത്തുന്നവരെ പഴമയുടെ മങ്ങാത്ത പ്രൗഡിയിലേക്ക് സുന്ദരക്കാഴ്ചകളിലൂടെ കൂട്ടിക്കൊണ്ടുപോവുക തന്നെ ചെയ്യും.

Tags:    
News Summary - al jahili fort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.