തീപിടിത്തമുണ്ടായ കെട്ടിടത്തിലെ താമസക്കാരെ അജ്മാൻ
ട്രാൻസ്പോർട്ട് അതോറിറ്റി ബസിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു
അജ്മാന്: വെള്ളിയാഴ്ച അജ്മാനിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 370 താമസക്കാരെ താൽക്കാലിക താമസ സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നാശനഷ്ടമുണ്ടായ എല്ലാ വാടകക്കാരുടെയും സുരക്ഷിതമായ താമസ സ്ഥലംമാറ്റത്തിന് 15 വലിയ ബസുകൾ അനുവദിച്ചതായി അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ് ലൂത്ത സ്ഥിരീകരിച്ചു.
അൽ റാഷിദിയ-1ലെ 25നിലയുള്ള പേള്‍ ടവറിലാണ് കഴിഞ്ഞദിവസം അഗ്നിബാധയുണ്ടായത്. തീപിടിത്തമുണ്ടായപ്പോൾ രണ്ടുപേർക്ക് പൊള്ളലേറ്റതിനെ തുടര്‍ന്നും ഒമ്പതു താമസക്കാരെ പുകശ്വസിച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നും അജ്മാന് ഖലീഫ ആശുപത്രിയില്‍ ചികിത്സ നല്‍കിയതായി അജ്മാന് പൊലീസ് അറിയിച്ചു.
ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി, എമിറേറ്റിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെൻറ്, അജ്മാനിലെ റെഡ് ക്രസൻറ് സെന്റർ, ടൂറിസം ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുമായി ഏകോപിച്ചാണ് ആളുകളെ പുതിയ താമസ സ്ഥലത്തേക്ക് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.