മലയാളി ഇടനിലക്കാരന്‍ പണവുമായി മുങ്ങി; ലൈസന്‍സ് ലഭിക്കാതെ ടാക്സി ഡ്രൈവര്‍മാര്‍

അജ്​മാൻ: ഷാര്‍ജ ടാക്സിയിലേക്ക് ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഇടനിലക്കാരനായി നിന്ന മലയാളി ഏജൻറ്​ വന്‍ തുകയുമായി മുങ്ങി. 
നിയമനം നേടിയവര്‍ യു.എ.ഇ ഡ്രൈവിങ് ലൈസന്‍സിനായി നല്‍കിയ തുകയുമായാണ് തൃശൂര്‍ സ്വദേശി കടന്നത്. ഇതോടെ നിയമനം കിട്ടിയിട്ടും ജോലി ചെയ്യാനാവാതെ മലയാളികളടക്കം മുപ്പതിലേറെ ഡ്രൈവര്‍മാര്‍ ദുരിതത്തിലാണ്. ഷാര്‍ജയിലെ ടാക്സികളില്‍ ആകര്‍ഷകമായ ശമ്പളം എന്ന പരസ്യം കണ്ട് നാട്ടിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ വഴി ജോലിക്ക് എത്തിയവരാണ് ഇവര്‍. ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് കീഴിലെ ഷാര്‍ജ ടാക്സി സൗജന്യമായി നല്‍കുന്ന വിസക്ക് നാട്ടിലെ ട്രാവൽ ഏജന്‍സികളില്‍ വന്‍തുക നല്‍കി എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. 

ഷാര്‍ജയിലെത്തിയ ശേഷം യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് എടുത്തു നല്‍കാമെന്ന് ഏറ്റിരുന്ന റിക്രൂട്ടിങ് ഏജൻറ്​ തൃശൂര്‍ കിഴുപ്പിള്ളിക്കര സ്വദേശിയാണ്​ ഇവരില്‍ നിന്ന് പണം കൈപറ്റി മുങ്ങിയത്. 4600 ദിര്‍ഹം മുതല്‍ 7600 ദിര്‍ഹം വരെ ഇയാള്‍ ഓരോരുത്തരില്‍ നിന്നും കൈപറ്റിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിലേറെയായി ഷാര്‍ജ ടാക്സിക്ക് ഡ്രൈവര്‍മാരെ നല്‍കിയിരുന്ന ഈ ഇടനിലക്കാരന്‍ അവസാനം വന്നിറങ്ങിയ മുപ്പതോളം പേരുടെ പണവുമായാണ്‌ മുങ്ങിയത്. 

തട്ടിപ്പിനിരയായവരിൽ 12 പേര്‍ മലയാളികളും ബാക്കി പാകിസ്​താനികളും നൈജീരിയക്കാരുമാണ്.നിയമനം ലഭിച്ചവരെ ഡ്രൈവിങ് പരിശീലനത്തിന് ചേര്‍ത്ത രണ്ട് ഡ്രൈവിങ് സ്കൂളുകളില്‍ ഇയാള്‍ ഒന്നരലക്ഷത്തോളം ദിര്‍ഹം നല്‍കാനുണ്ട്.  പഠനം പൂര്‍ത്തിയായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ബാക്കി തുക കൂടി അടക്കണം. ഇടനിലക്കാരന്‍ നൽകാനുള്ള തുക മുഴുവന്‍ അടച്ചാലേ അയാള്‍ മുഖാന്തരം അപേക്ഷിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കുകയുള്ളൂ എന്നാണു ഡ്രൈവിങ്​ സ്കൂളുകാരുടെ നിലപാട്.  ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഷാര്‍ജ ടാക്സിയില്‍ ഇവര്‍ക്ക് ജോലിയില്‍ കയറാന്‍ കഴിയുകയുള്ളൂ. തൊഴിലാളികളെ കബളിപ്പിച്ചതിന് ഷാര്‍ജ ടാക്സിയും ഡ്രൈവിങ് സ്കൂളുകളും ഏജൻറിനെതിരെ നിയമ നടപടി ആരംഭിച്ചു. നിയമനം ലഭിച്ചിട്ടും ജോലിയും ശമ്പളവുമില്ലാത്തതിനാല്‍ അരപട്ടിണിയിലാണ് ഡ്രൈവര്‍മാര്‍ പലരും.

Tags:    
News Summary - ajman taxi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.