അൽ ബൈത്ത് അൽ മുതാഹെദ് ഹാൾ
അജ്മാന്: തുടർച്ചയായി രണ്ടാം ആഴ്ചയും അജ്മാനിലെ കോവിഡ് പരിശോധന കേന്ദ്രങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും വൻ തിരക്ക്. ബൂസ്റ്റർ ഡോസ് ലഭിക്കുന്ന കേന്ദ്രങ്ങളിലും തിരക്കാണ്. അജ്മാനിലെ അൽ ബൈത്ത് അൽ മുതാഹെദ് ഹാളില്‍ കഴിഞ്ഞ ദിവസം ധാരാളം ആളുകളെത്തിയിരുന്നു. അജ്മാന് വിസക്കാര്‍ക്ക് പി.സി.ആര് ടെസ്റ്റ് സൗജന്യമായതാണ് ഈ കേന്ദ്രത്തില്‍ അധിക തിരക്കിന് കാരണം. ഒഴിവുദിനമായ ഞായറാഴ്ച പതിവില്‍ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കുകാരണം മൂന്ന് മണിക്കൂറിലേറെ വരിനിന്നാണ് പലരും പി.സി.ആര് ടെസ്റ്റ് കരസ്ഥമാക്കിയത്. ബൂസ്റ്റര്‍ ഡോസ് ലഭിക്കണമെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പി.സി.ആര് ടെസ്റ്റ് നടത്തിയിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നതോടെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ വന്‍ തിരക്കായത്.
അജ്മാനിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പ്രവേശിക്കാൻ ഗ്രീൻ പാസ് നിർബന്ധമാക്കിയതോടെ വാക്സിന്, പി.സി.ആര് ആവശ്യക്കാരുടെ എണ്ണം കുതിച്ചുയർന്നു. അജ്മാനിലെ വിവിധ കേന്ദ്രങ്ങൾ രാവിലെ ഒമ്പതുമുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ആശുപത്രികളിലും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. അൽ ബൈത്ത് അൽ മുതാഹെദ് ഹാൾ സെന്ററിൽ മാത്രം പോകുന്നതാണ് തിരക്കിന് കാരണമെന്നും അജ്മാനിലെ മറ്റു കേന്ദ്രങ്ങളെ കൂടി ഉപയോഗപ്പെടുത്തണമെന്നും അജ്മാനിലെ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ഹമദ് തര്യം അൽ ഷംസി പൊതുജനങ്ങളോട് അഭ്യർഥിച്ചു. സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി അജ്മാൻ കോർണിഷിനടുത്തും മത്സ്യ മാര്‍ക്കറ്റിനു സമീപവും ഫെസ്റ്റിവൽ ഗ്രൗണ്ടിനു സമീപവും അജ്മാൻ യൂനിവേഴ്സിറ്റിയിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.