ദുബൈ: പ്രവാസികളെ യാത്രാദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. ദുബൈയിൽനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ട വിമാനം 18 മണിക്കൂറിലേറെ വൈകി. ശനിയാഴ്ച രാത്രി 8.45ന് ദുബൈയിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച പുലർച്ച 2.45ന് തിരുവനന്തപുരത്ത് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 544 വിമാനമാണ് അനിശ്ചിതമായി വൈകിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 160 യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ഇവരിൽ 50 സ്ത്രീകളും 20 പേർ കുട്ടികളുമാണ്.
യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചതോടെ ശനിയാഴ്ചത്തെ യാത്ര എയർ ഇന്ത്യ റദ്ദാക്കുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച പുലർച്ച 2.45ന് വിമാനം പുറപ്പെടുമെന്ന പുതിയ അറിയിപ്പാണ് ലഭിച്ചതെന്ന് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ഇക്കാര്യം നേരത്തേ അറിയിക്കാനും അധികൃതർ തയാറായിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
നേരത്തേ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് എടുത്തവർക്ക് വിമാനം ഞായറാഴ്ച ഉച്ചക്ക് 1.55ലേക്ക് യാത്ര പുനർനിശ്ചയിച്ചതായി മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും കൂടുതൽ പേരും വിമാനത്താവളത്തിൽ എത്തിയശേഷമാണ് വിവരം അറിഞ്ഞത്. എന്നാൽ, 1.55നും വിമാനത്തിന് പുറപ്പെടാനായിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി.
തുടർന്ന് ഇവരെ കരാമയിലെ ഹോട്ടലിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ തിങ്കളാഴ്ച പുലർച്ച 2.45ന് വിമാനം പുറപ്പെടുമെന്നാണ് എസ്.എം.എസ് സന്ദേശം ലഭിച്ചിട്ടുള്ളതെന്ന് യാത്രക്കാർ പറഞ്ഞു.
നിക്കാഹും വിവാഹനിശ്ചയവും മുടങ്ങി
ദുബൈ: എയർ ഇന്ത്യയുടെ നടപടിമൂലം പ്രവാസികളായ രണ്ടു യുവാക്കളുടെ ഭാവിജീവിതത്തിലും കല്ലുകടിയായി. ഞായറാഴ്ച വൈകീട്ടായിരുന്നു തിരുവനന്തപുരം കടക്കൽ സ്വദേശി മുഹമ്മദിന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. ടിക്കറ്റ് കാൻസൽ ചെയ്യാമെന്ന് വിചാരിച്ചാൽ ഏഴു ദിവസം കഴിഞ്ഞാണ് റീഫണ്ട് ലഭിക്കുകയെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ദുബൈയിൽനിന്ന് ആ സമയം തിരുവനന്തപുരത്തേക്ക് മറ്റൊരു സർവിസും ലഭിച്ചതുമില്ല. അതോടെ യാത്ര അനിശ്ചിതത്വത്തിലായി.
തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ചടങ്ങുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായും മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
അടുത്ത ആഴ്ച നടക്കുന്ന വിവാഹത്തോടനുബന്ധിച്ചുതന്നെ നിക്കാഹ് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു യുവാവിന്റെ വിവാഹനിശ്ചയവും ഞായറാഴ്ച നടക്കേണ്ടതായിരുന്നു. എന്നാൽ, എയർ ഇന്ത്യയുടെ നിരുത്തരവാദപരമായ നടപടിമൂലം അത് മുടങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.