അബൂദബി: തിരക്കേറിയ സമയങ്ങളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള പാതയിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് താക്കീതുമായി അബൂദബി പൊലീസ്. ഷോള്‍ഡര്‍ റോഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര വാഹനങ്ങള്ക്കുമായുള്ളതാണെന്നും ഈ പാത മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ജീവന്‍രക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഡേഞ്ചറസ് ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.
ഷോള്‍ഡര്‍ റോഡിലൂടെയുള്ള ഓവര്‍ടേക്കിങ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഇതര വാഹനങ്ങളില്‍നിന്ന് സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഈ സംവിധാനം തിരിച്ചറിയും. പ്രധാന റോഡുകളിലെല്ലാം ഇത്തരം എ.ഐ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഷോള്‍ഡര്‍ റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങിന് 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
എമര്‍ജന്‍സി, ആംബുലന്‍സ്, പൊലീസ്, ഔദ്യോഗിക അകമ്പടി വാഹനങ്ങള്‍ മുതലായ വാഹനങ്ങള്‍ക്ക് വഴിയൊരുക്കിയില്ലെങ്കില് 3000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ 24,992 ഷോള്‍ഡര്‍ റോഡ് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ അബൂദബിയില്‍ 7,512 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 12,764 നിയമലംഘനങ്ങളുമായി ദുബൈയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഷാര്‍ജ (3934), അജ്മാന് (363), ഫുജൈറ (315), റാസല്‍ഖൈമ (79), ഉമ്മുല്‍ ഖുവൈന്‍ (25) എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ നിയമലംഘനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.