:യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ്

വിടവാങ്ങി, അരനൂറ്റാണ്ടിലേക്കുള്ള ഒസ്യത്ത് നല്‍കി

അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്‍റെ നാഥനിലേക്കുള്ള മടക്കം, വരുന്ന 50 വര്‍ഷത്തേക്ക് രാജ്യം നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ 10 ഒസ്യത്തുകള്‍ നല്‍കിയ ശേഷം. വിവിധ മന്ത്രാലയങ്ങളും പ്രാദേശിക സര്‍ക്കാറുകളും രാജ്യത്തെ സ്ഥാപനങ്ങളും ഈ മാര്‍ഗദര്‍ശനങ്ങള്‍ക്ക് അനുസൃതമായി വേണം പ്രവര്‍ത്തിക്കാനെന്നും പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.

രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന ശൈഖ് ഖലീഫ ഏതാനും മാസം മുമ്പാണ് വരുന്ന അമ്പതു വര്‍ഷത്തേക്ക് രാജ്യത്തെ നയിക്കേണ്ടതിനുള്ള മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി പത്ത്​ തത്ത്വങ്ങള്‍ തയാറാക്കിയത്. യു.എ.ഇയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഒന്നാമത്തെ തത്ത്വം. ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തികരംഗം കെട്ടിപ്പടുക്കുന്നതില്‍ അധിഷ്ഠിതമാണ് രണ്ടാമത്തേത്. വിദേശനയം, യു.എ.ഇയിലേക്ക് പ്രഫഷനലുകളെ ആകര്‍ഷിക്കുക, മേഖലയെ സുസ്ഥിരമാക്കുക, ആഗോളതലത്തില്‍ യു.എ.ഇക്ക് ആദരവുള്ള സ്ഥാനം ലഭ്യമാക്കുക, ഡിജിറ്റല്‍, സാങ്കേതിക, ശാസ്ത്രീയ മികവിലൂടെ വികസന, സാമ്പത്തിക രംഗത്ത് മുന്നിലെത്തിക്കുക, വിശാല മനസ്‌കതയിലും സഹിഷ്ണുതയിലും ഊന്നിയുള്ള രാജ്യത്തിന്‍റെ മൂല്യസംവിധാനം നിലനിര്‍ത്തുക, അന്താരാഷ്ട്ര തലങ്ങളില്‍ യു.എ.ഇ നടത്തിവരുന്ന മാനുഷിക സഹായങ്ങള്‍ തുടരുക, സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്യുക തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ദീര്‍ഘദൃഷ്ടിയില്‍ തയാറാക്കിയ തത്ത്വങ്ങള്‍.

സുപ്രധാനമായ നിരവധി ഇടപെടലുകള്‍ നടത്തിയതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ധിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. സുസ്ഥിരമായ ജീവിതവും കുടുംബബന്ധങ്ങളെ ഹൃദ്യമാക്കാനുമാണ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് വകുപ്പിന്‍റെ ഭാഗമായി ഫാമിലി കെയര്‍ അതോറിറ്റി സ്ഥാപിക്കാനുള്ള നിയമം ശൈഖ് ഖലീഫ പുറത്തിറക്കിയത്. നല്ല മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ദേശീയ സ്വത്വബോധം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തില്‍ കുടുംബങ്ങളുടെ പങ്കിനെക്കുറിച്ച് അവബോധമുണ്ടാക്കാനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആൻഡ് പോര്‍ട്‌സ് സെക്യൂരിറ്റി വകുപ്പ് രൂപവത്​കരിക്കാനും ശൈഖ് ഖലീഫ ഉത്തരവിറക്കിയിരുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആൻഡ് സിറ്റിസന്‍ഷിപ്, ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, ജനറല്‍ അതോറിറ്റി ഫോര്‍ പോര്‍ട്‌സ്, ബോര്‍ഡേഴ്‌സ് ആൻഡ് ഫ്രീസോണ്‍സ് സെക്യൂരിറ്റി എന്നിവയെ ലയിപ്പിക്കുന്നതാണ് പുതിയ വകുപ്പ്. പൗരത്വം, പാസ്‌പോര്‍ട്ടുകള്‍, വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്നതിന്‍റെ നയരൂപവത്​കരണം, തുറമുഖങ്ങളുടെ പ്രോത്സാഹനം, അതിര്‍ത്തികളുടെയും ഫ്രീസോണുകളുടെയും സുരക്ഷ, ആഗോളനിലവാരത്തിനനുസരിച്ച് കസ്റ്റംസ് സേവനം സംഘടിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക തുടങ്ങിയവയാണ് വകുപ്പിന്‍റെ ചുമതലകള്‍.

ഒരു രാഷ്ട്രം സുസ്ഥിര വികസനത്തിലേക്ക് കുതിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളിലേക്ക് അതിന്‍റെ ഗുണഫലങ്ങള്‍ എത്തിക്കുന്നതില്‍ ഭരണാധികാരികള്‍ അനുഷ്ഠിക്കേണ്ട സൂക്ഷ്മതകൂടി ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ച രാഷ്ട്ര നേതാവാണ് ദിവംഗതനായ ശൈഖ് ഖലീഫ ബിന്‍ സായിദ്.

Tags:    
News Summary - After giving 10 guidelines to be implemented and followed by the country for the next 50 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.