ദുബൈ: ഡ്രൈവർമാർക്ക് ദുബൈയിലെ പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾ മുൻകൂറായി ബുക്ക് ചെയ്യാനും ഡിജിറ്റലായി പണമടക്കാനും സൗകര്യമൊരുക്കുന്ന പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി പാർക്കിൻ കമ്പനി. എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമാണ് പാർക്കിൻ. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ ആപ് വഴിയോ എസ്.എം.എസ് വഴിയോ അടച്ചിരുന്ന പാർക്കിങ് ഫീസുകൾ ഇനി പാർക്കിൻ ആപ് വഴി തന്നെ അടക്കാനാവും.
കൂടാതെ പാർക്കിങ് പിഴകൾ അടക്കാനും ഈടാക്കിയ ഫീസിലെ തർക്കങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാനും റീഫണ്ട് അപേക്ഷകൾ സമർപ്പിക്കാനും ആപ്പിലൂടെ കഴിയും. മൂന്നു രീതിയിൽ ഉപഭോക്താക്കൾക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാം. ആപ് ഡൗൺലോഡ് ചെയ്ത ശേഷം ഒന്നുകിൽ പുതിയ അക്കൗണ്ട് നിർമിക്കണം. അല്ലെങ്കിൽ യു.എ.ഇ പാസോ ആർ.ടി.എയുടെ അക്കൗണ്ട് ഉപയോഗിച്ചോ ആപ്പിൽ രജിസ്റ്റർ ചെയ്യാം. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ടോപ്പ്-അപ്പുകൾക്കുള്ള വാലറ്റ് മാനേജ്മെന്റ്, വാഹന മാനേജ്മെന്റ്, സീസണൽ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ എന്നിവയും ആപ് വാഗ്ദാനം ചെയ്യുന്നു.
ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന തൽസമയ പാർക്കിങ് ഫൈൻഡർ സംവിധാനത്തോടൊപ്പം ഓൺ സ്ട്രീറ്റ്, ഓഫ് സ്ട്രീറ്റ് പാർക്കിങ് ഓപ്ഷനുകൾ കണ്ടെത്താനുള്ള സംവിധാനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കിങ് ഫീസുകൾ പിന്നീട് അടക്കാനുള്ള ‘പേ ലേറ്റർ’ ഓപ്ഷനും ആപ്പിൽ ലഭ്യമാണ്. കൂടാതെ വാഹനം എത്തുന്നതിന് മുമ്പു തന്നെ പാർക്കിങ് ഷെഡ്യൂൾ ചെയ്യാനും പാർക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ആപ്പിന് സാധിക്കും. ഓട്ടോ പേ സംവിധാനം ഉപയോഗിച്ച് പണമടച്ചാൽ ടിക്കറ്റ് രഹിതമായി തടസ്സമില്ലാതെ പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാം. ഓട്ടോമാറ്റഡ് നമ്പർ റക്ഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങൾ പാർക്കിങ് സ്ഥലങ്ങളിലേക്ക് കടക്കുമ്പോഴും പുറത്തുപോകുമ്പോഴും രേഖപ്പെടുത്തും.
തുടർന്ന് രജിസ്റ്റർ ചെയ്ത പേയ്മെന്റ് രീതിയുമായി ബന്ധിപ്പിച്ച് സ്വമേധയാ ഫീസ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് കുറവ് വരുത്തുകയും ചെയ്യും. പാർക്കിൻ നിയന്ത്രണത്തിലുള്ള ബഹുനില പാർക്കിങ് കെട്ടിടങ്ങളിലും എമിറേറ്റ്സ്, ദേര സിറ്റി സെന്റർ പോലുള്ള മാളുകളിലും ഈ സംവിധാനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.