എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനലിന്‍റെ അംഗീകാരം ഷാർജ വിമാനത്താവള അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ ഏറ്റുവാങ്ങുന്നു

ഷാർജ വിമാനത്താവളത്തിന് എ.സി.ഐ അംഗീകാരം

ഷാർജ: ഷാർജ വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനലിന്‍റെ (എ.സി.ഐ) അംഗീകാരം. ഇതോടെ മിഡ്ൽ ഈസ്റ്റിൽ എ.സി.ഐ അക്രഡിറ്റേഷൻ പ്രോഗ്രാമിന്‍റെ അംഗീകാരം നേടുന്ന എട്ടാമത്തെ വിമാനത്താവളമായി ഷാർജ. പോളണ്ടിലെ ക്രാകോവിൽ നടന്ന എ.സി.ഐ ആഗോള ഉച്ചകോടിയിൽ ഷാർജ വിമാനത്താവള അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ മാർച്ചിൽ മിഡ്ൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരവും ഷാർജയെ തേടി എത്തിയിരുന്നു. ഓരോ വർഷവും 50 ലക്ഷം മുതൽ ഒന്നര കോടി വരെ യാത്രക്കാരെത്തുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഷാർജ ഒന്നാമതെത്തിയത്.

യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം നൽകാനുള്ള അതോറിറ്റിയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിതെന്ന് അൽ മിദ്ഫ പറഞ്ഞു. വിമാനത്താവളത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളിലും ഉപഭോക്താവിനാണ് മുൻഗണന. യാത്രക്കാരുമായുള്ള ആശയവിനിമയത്തിലൂടെ അവരുടെ ആവശ്യങ്ങൾ മനസിലാക്കിയാണ് സൗകര്യമൊരുക്കുന്നത്. ഈ അംഗീകാരം അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു ഈ വർഷം ആദ്യ ആറു മാസങ്ങളിൽ ഷാർജ വിമാനത്താവളത്തിലൂടെ കടന്നുപോയത് 60 ലക്ഷം യാത്രക്കാരാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 142 ശതമാനം വർധനാവാണിത്. എയർപോർട്ടിൽ നിന്ന് ഇക്കാലയളവിൽ 41,000 വിമാനങ്ങൾ പറന്നുയർന്നു. കഴിഞ്ഞ വർഷം 21,000 വിമാസ സർവിസുകളാണ് നടന്നിരുന്നത്. 89 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. കയറ്റിയയച്ച കാർഗോയുടെ അളവിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ജനുവരിക്കും ജൂണിനുമിടയിലായി 96,000 ടൺ കാർഗോയാണ് കയറ്റിയയച്ചത്. 50 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ബിസിനസിനും യാത്രക്കും യോജിച്ച സ്ഥലമെന്ന നിലയിൽ ഷാർജ കൂടുതൽ കരുത്താർജിക്കുന്നതായാണ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിച്ചത് വ്യക്തമാക്കുന്നതെന്ന് സലീം അൽ മിദ്ഫ പറഞ്ഞു. സ്മാർട്ട് ഗേറ്റ്, സ്മാർട്ട് ഇൻഫർമോഷൻ ഡെസ്ക്, സെൽഫ് സർവീസ് ഉൾപെടെ നിരവധി ആധുനിക സംവിധാനങ്ങൾ ഷാർജ വിമാനത്താവളത്തിൽ ഏർപെടുത്തിയിട്ടുണ്ട്.

Tags:    
News Summary - ACI approval, Sharjah Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.