ജോലിക്കിടെ അപകടം; കുടുംബത്തിന് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരത്തിന് വിധി

അബൂദബി: ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിര്‍മാണത്തൊഴിലാളിയുടെ കുടുംബത്തിന് 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് അപ്പീല്‍സ് കോടതി. കീഴ്‌കോടതി അനുവദിച്ച ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമാണ് അപ്പീല്‍ കോടതി വര്‍ധിപ്പിച്ചു നല്‍കിയത്.

മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കിനല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. തൊഴിലാളികളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത തൊഴിലുടമ നിര്‍വഹിച്ചില്ലെന്നും ഒഴിവാക്കാനാവുന്ന അപകടത്തിലേക്ക് തൊഴിലാളികളെ തള്ളിയിട്ടുവെന്നും കേസില്‍ അന്വേഷണം നടത്തിയ അധികൃതര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് തൊഴിലാളിയുടെ കുടുംബം കൂടുതല്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിച്ചത്.

ഒരു കോടി ദിര്‍ഹം നഷ്ടപരിഹാരവും ഇതിന്റെ 12 ശതമാനം പലിശയും കോടതിച്ചെലവും ആവശ്യപ്പെട്ടാണ് തൊഴിലാളിയുടെ കുടുംബം കമ്പനി ഉടമക്കും മാനേജര്‍ക്കുമെതിരെ പരാതി നല്‍കിയത്. കേസ് പരിഗണിച്ച അപ്പീല്‍ കോടതി നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനു പുറമെ കേസ് സംബന്ധമായ ചെലവുകളെല്ലാം വഹിക്കാനും തൊഴിലുടമക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദിയാധനം സ്വീകരിക്കുന്നത് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതില്‍നിന്ന് കുടുംബത്തെ തടയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ദിയാധനം കുടുംബത്തിന്റെ സാമ്പത്തിക, വൈകാരിക, ധാര്‍മിക നഷ്ടങ്ങള്‍ക്ക് പൂര്‍ണ പരിഹാരമാവുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

Tags:    
News Summary - Accident at work; 2.5 lakh dirham compensation for family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.