അക്കാഫ് പൊന്നോണക്കാഴ്ച ’26; ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ഒക്ടോബർ 11ന്

ദുബൈ: കേരളത്തനിമയും പാരമ്പര്യവും പ്രവാസ മണ്ണിൽ ആഘോഷമാക്കി അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷമായ ‘അക്കാഫ് പൊന്നോണക്കാഴ്ച ’26’ ഒക്ടോബർ 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ അരങ്ങേറും. ഓണാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രാഥമിക മത്സരങ്ങൾ ഒക്ടോബർ നാലിന് ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 135ഓളം കോളജ് അലുമ്‌നി കൂട്ടായ്മകളാണ് അക്കാഫ് അസോസിയേഷന്‍റെ അംഗ കോളജുകൾ.

അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷത്തിന്‍റെ ഭാഗമായി “മാതൃവന്ദനം” എന്ന പേരിൽ വേറിട്ട സ്നേഹപദ്ധതി ഇത്തവണയും സംഘടിപ്പിക്കും. യു.എ.ഇയിൽ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികളുടെ അമ്മമാരിൽനിന്ന് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 28 അമ്മമാരെയാണ് അക്കാഫ് അസോസിയേഷൻ ദുബൈയിലേക്ക് കൊണ്ടുവരുന്നത്. വിമാനയാത്ര, വിസ, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെള്ള മുഴുവൻ ചെലവുകളും അക്കാഫ് അസോസിയേഷൻ വഹിക്കും. അഞ്ച് ദിവസത്തോളം ദുബൈയിൽ ചെലവഴിക്കുന്ന അമ്മമാർക്ക് യു.എ.ഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റു കാഴ്ചകളും സന്ദർശിക്കാനുള്ള അവസരവും ഒരുക്കും.

ദുബൈയിലെത്തുന്ന അമ്മമാർക്ക് പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ മക്കളോടൊപ്പം സന്തോഷകരമായ ദിവസങ്ങൾ പങ്കിടാനും യു.എ.ഇയുടെ കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മടക്കയാത്രക്കുമുമ്പ് അമ്മമാർക്ക് വിവിധ സമ്മാനങ്ങളും നൽകും. ഒക്ടോബർ 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച ’26ന്‍റെ സമാപന വേദിയിൽ 28 അമ്മമാരെയും ആദരിക്കും.

പൊന്നോണക്കാഴ്ച ’26ന്‍റെ വിജയകരമായ നടത്തിപ്പിനായി ജനറൽ കൺവീനർ സാനു മാത്യു (കോളേജ് ഓഫ് എൻജിനീയറിങ്​, തിരുവനന്തപുരം), ജോ. ജനറൽ കൺവീനർമാരായ അനിൽ നായർ (എൻ.എസ്.എസ് പോളിടെക്നിക് കോളജ്, പന്തളം), ബീന ശശിശങ്കർ (സെന്‍റ്​ പീറ്റേഴ്സ് കോളജ്, കോലഞ്ചേരി), ലക്ഷ്മി ഷിബു (ശ്രീനാരായണ കോളജ് ഫോർ വിമൻ, കൊല്ലം), സത്യജിത് വാസുദേവ് (ശ്രീ നാരായണ കോളജ്, കണ്ണൂർ), ജയകൃഷ്ണൻ രാധാകൃഷ്ണൻ (അമൃത വിശ്വവിദ്യാപീഠം, കൊല്ലം), അമീർ സിറാജ് (ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിങ്​, എറണാകുളം) എന്നിവരുടെ നേതൃത്വത്തിൽ 30 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കൺവീനർമാർ, ജോ. കൺവീനർമാർ, കോഓഡിനേറ്റർമാർ തുടങ്ങി 500ഓളം പ്രവർത്തകരാണ് വിവിധ കമ്മിറ്റികളിലായി പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുന്നത്.

സംഘാടക സമിതി ഭാരവാഹികളും മെമ്പർ കോളജ് പ്രതിനിധികളും പങ്കെടുക്കുന്ന ഓണം കൺവെൻഷൻ ഒക്ടോബർ നാലിന് രാവിലെ 10 മണി മുതൽ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കും. തുടർന്ന് ഉച്ച രണ്ടുമണി മുതൽ വിവിധ പ്രാഥമിക മത്സരങ്ങൾ അരങ്ങേറും. ഒക്ടോബർ 11ന് രാവിലെ എട്ടുമണിക്ക് പൊന്നോണക്കാഴ്ച ’26ന്റെ മെഗാ ഇവന്‍റിന് തിരശ്ശീല ഉയരും. വിവിധ കോളജ് അലുമ്‌നി കൂട്ടായ്മകളുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഫാഷൻ ഷോ, നാടൻപാട്ട്, പായസം മത്സരം, പുരുഷകേസരി, മലയാളി മങ്ക, കോളജുകളുടെ സാംസ്‌കാരിക ഘോഷയാത്ര, വിവിധ നാടൻ കളികൾ തുടങ്ങി നിരവധി മത്സരങ്ങളും പരിപാടികളും അരങ്ങേറും. കുട്ടികൾക്കായി പെയിന്‍റിങ്, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കും. തുടർന്ന് ഉച്ച 12 മണിയോടെ വിപുലമായ ഓണസദ്യ ആരംഭിക്കും. ഏകദേശം 10,000 പേരെയാണ് ഇത്തവണത്തെ ഓണസദ്യയിൽ പ്രതീക്ഷിക്കുന്നത്.

ദുബൈ ഗവൺമെന്‍റിന്‍റെ അംഗീകാരമുള്ള കോളജ് അലുമ്‌നി കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം തുടർച്ചയായി അഞ്ചാം വർഷമാണ് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്നത്. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ്​ പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ്​ ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിൻസെന്‍റ്​ വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ. സുനിൽ കുമാർ, സി.എൽ. മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നോണക്കാഴ്ച ’26ന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

Tags:    
News Summary - ACAF Ponnonakazhcha ’26; October 11 at Dubai World Trade Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.