അബൂദബി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തിലൂടെ നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ കേന്ദ്രമാകാനുള്ള അബൂദബിയുടെ അഭിലാഷങ്ങൾക്ക് ചിറക് മുളച്ചു. നേരത്തെ തന്നെ വളരെ പ്രതീക്ഷാപൂർവം ചർച്ചയിലുണ്ടായിരുന്ന അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് തുറക്കാനാണ് ധാരണയായിട്ടുള്ളത്.
യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ കാമ്പസായിരിക്കുമിത്. ഇതിന്റെ ആദ്യഘട്ടം ട്രംപും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. യു.എ.ഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് കാമ്പസ് നിർമിക്കുന്നത്. ചിപ് നിർമാണ കമ്പനി എൻവീഡിയ അടക്കം നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കും.
നേരത്തെ തന്നെ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ രംഗത്ത് വലിയ മുന്നേറ്റം യു.എ.ഇ നേടിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അതിവേഗത്തിൽ സ്വീകരിക്കുന്ന രാജ്യത്ത് വിവിധ മേഖലകളിൽ എ.ഐ നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സർക്കാർ വിദ്യാഭ്യാസത്തിന്റെ കെ.ജി മുതൽ 12ാംക്ലാസ് വരെയുള്ള തലങ്ങളിൽ എ.ഐ ഉൾപ്പെടുത്തുമെന്ന് ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപനം പുറത്തുവന്നിരുന്നു. പുതിയ എ.ഐ കാമ്പസ് കൂടി നിലവിൽ വരുന്നതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന നിർമിതബുദ്ധി കേന്ദ്രമായി രാജ്യം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2017ൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പേരിൽ ഒരു ദേശീയ എ.ഐ നയം ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ആഗോള എ.ഐ ഹബ്ബായി മാറാനുള്ള പാതയിൽ രാജ്യം പ്രവേശിച്ചിട്ട് വർഷങ്ങളായി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, ഊർജം എന്നിവയുൾപ്പെടെ നിർണായക മേഖലകളിലുടനീളം എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിക്കാൻ മുൻഗണന നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.