അബൂദബി: സാധാരണ തൊഴിലുകളെടുക്കുന്ന ‘ബ്ലൂകോളർ’ ജോലിക്കാരുടെ എണ്ണം കുറക്കാനും പ്രഫഷനൽ യോഗ്യതയുള്ള ‘വൈറ്റ് കോളര്‍’ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള നിര്‍ണായക ലക്ഷ്യവുമായി അബൂദബി. ബ്ലൂ കോളര്‍ ജോലിക്കാരുടെ എണ്ണം ചുരുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍, അവരുടെ സംഭാവനകള്‍ക്ക് നന്ദിയുള്ളവരാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രതികരിച്ചു. വിജ്ഞാനാധിഷ്ഠിത മേഖലകളിലാണ് അബൂദബി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കാര്‍ഷിക സാങ്കേതികവിദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികൾ പോലുള്ളവയെയാണ് ആവശ്യമെന്നും അധികൃതർ വിശദീകരിക്കുന്നു. ഇത്തരം കമ്പനികള്‍ക്ക് ഇന്‍സെന്റിവുകള്‍ അടക്കം നല്കി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബൂദബി നഗര, ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അല്‍ ശറാഫ പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷത്തിൽ അബൂദബിയിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ യു.എ.ഇയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായി അബൂദബി മാറുകയും ചെയ്തു. 2040ഓടെ ജനസംഖ്യ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കി മാറ്റുകയാണ് അബൂദബി ലക്ഷ്യമിടുന്നത്. 2024 ജൂണില്‍ 37.89 ലക്ഷമാണ് അബൂദബിയിലെ ജനസംഖ്യ. 2011നെ അപേക്ഷിച്ച് 83 ശതമാനത്തിന്റെ വര്‍ധനയാണ് അബൂദബിയിലെ ജനസംഖ്യയിലുണ്ടായത്. എമിറേറ്റിലെ തൊഴില്‍ ശക്തിയില്‍ 46 ശതമാനം വൈറ്റ് കോളര്‍ ജോലിക്കാരാണ്.
2011നെ അപേക്ഷിച്ച് 109 ശതമാനം വര്‍ധനയാണ് വൈറ്റ് കോളര്‍ ജോലിക്കാരില്‍ ഉണ്ടായത്. 56 ശതമാനമാണ് ബ്ലൂകോളര്‍ ജോലിക്കാര്‍. ഇവരുടെ എണ്ണത്തില്‍ 65 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. കൂടുതല്‍ വൈറ്റ് കോളര്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയുന്ന വിജ്ഞാന, നവീകരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് യു.എ.ഇ സര്‍ക്കാറും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. സാമ്പത്തിക മേഖലയെ വളര്‍ച്ചയുടെ പുതുതലത്തിലേക്ക് വൈറ്റ് കോളര്‍ ജോലിക്കാരുടെ വര്‍ധന സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിര്‍മിത ബുദ്ധി രംഗത്തും അബൂദബി വന്‍തോതില്‍ നിക്ഷേപം ഇറക്കുകയും കൂടുതല്‍ കമ്പനികളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. 2030ഓടെ അബൂദബിയിലെ ടാക്സി വാഹനങ്ങളില്‍ 20 ശതമാനവും ഡ്രൈവറില്ലാതെ ഓടുന്നതാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ഫണ്ട് നല്‍കിയും കൂടുതല്‍ സ്വകാര്യ കമ്പനികളെ മേഖലയിലേക്ക് ആകര്ഷിച്ചുമായിരിക്കും ഈ ലക്ഷ്യം കൈവരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.