അൽ ഐൻ: യുവതിയുടെ അനുവാദമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. അതിക്രമിച്ചു കയറിയ സംഭവം യുവതിയെ മാനസികമായി തളർത്തുകയും സ്വന്തം വീട്ടിൽപ്പോലും സുരക്ഷിതത്വമില്ലെന്ന ഭീതിയിലാക്കുകയും ചെയ്തതിനെ തുടർന്നാണ് കോടതി വിധി.
ഔദ്യോഗിക കോടതി രേഖകൾ പ്രകാരം, ഈ സംഭവത്തിൽ യുവാവിനെതിരെ നേരത്തെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരുന്നു. യു.എ.ഇ നിയമപ്രകാരം സ്വകാര്യത ലംഘിച്ച് അതിക്രമിച്ചു കടന്നതിനാണ് ക്രിമിനൽ കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. ഈ ക്രിമിനൽ വിധി അന്തിമമാണെന്നും ഇതിനെതിരെ പ്രതി അപ്പീൽ നൽകിയിട്ടില്ലെന്നും വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കിയ ശേഷമാണ് യുവതി സിവിൽ കോടതിയിൽ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തത്.
തന്റെ വീട്ടിലേക്ക് പ്രതി ആക്രമണ ത്വരയോടെ പൊടുന്നനെ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും അത് തനിക്ക് കടുത്ത മാനസിക വിഷമവും ഭീതിയും ഉണ്ടാക്കിയെന്നും യുവതി കോടതിയിൽ ബോധിപ്പിച്ചു. വീട്ടിനുള്ളിലെ തന്റെ സമാധാനപരമായ അന്തരീക്ഷം ഈ സംഭവം തകർത്തതായും അവർ പറഞ്ഞു. ഇരുവരും തമ്മിൽ നേരത്തെയുണ്ടായിരുന്ന ചില തർക്കങ്ങളുടെയും പിണക്കങ്ങളുടെയും തുടർച്ചയായിരുന്നു ഈ അതിക്രമമെന്നും കേസ് ഫയലുകൾ വ്യക്തമാക്കുന്നു.
പ്രതി കുറ്റക്കാരനാണെന്ന് ക്രിമിനൽ കോടതി നേരത്തെ തന്നെ അന്തിമമായി കണ്ടെത്തിയതിനാൽ, ഇരക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ യുവാവ് നിയമപരമായി ബാധ്യസ്ഥനാണെന്ന് കേസ് പരിശോധിച്ച സിവിൽ കോടതി ചൂണ്ടിക്കാട്ടി. മറ്റൊരാൾക്ക് നാശനഷ്ടം വരുത്തുന്ന ഏതൊരു പ്രവൃത്തിക്കും അത് ചെയ്തയാൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന യു.എ.ഇ നിയമത്തിലെ പ്രധാന തത്വം കോടതി ഓർമിപ്പിച്ചു. പ്രതിയുടെ പ്രവൃത്തി യുവതിക്ക് കടുത്ത മാനസികമായ ആഘാതം സൃഷ്ടിച്ചതായി ജഡ്ജി വിലയിരുത്തി.
ഇതേത്തുടർന്നാണ്, യുവതിക്കുണ്ടായ മാനസിക പ്രയാസങ്ങൾക്കുള്ള പരിഹാരമായി 20,000 ദിർഹം നഷ്ടപരിഹാരം നൽകാനും ഒപ്പം, കോടതിച്ചെലവുകളും മറ്റ് നിയമപരമായ ചെലവുകളും പ്രതി തന്നെ വഹിക്കാനും അൽ ഐൻ കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.