റാസല്‍ഖൈമ: വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വാക് തര്‍ക്കം മൂന്ന് സ്ത്രീകളുടെ കൊലപാതകത്തില്‍ കലാശിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് റാസല്‍ഖൈമ ക്രിമിനല്‍ കോടതി. രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയില്‍ ഗള്‍ഫ് പൗരനാണ് മുഖ്യപ്രതി. 66 വയസ്സുള്ള മാതാവിനെയും അവരുടെ രണ്ട് മക്കളെയും മനഃപൂർവം വെടിവെച്ചു കൊന്നതിനും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് ശിക്ഷ. എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഖിസാസ് നിയമ പ്രകാരമാണ് വധശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
കേസിലുള്‍പ്പെട്ട ഇയാളുടെ മകന് ഒമ്പത് മാസം തടവും 10,000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. കൊലപാതക ശ്രമത്തിന് ആറുമാസവും വധഭീഷണിക്കുറ്റത്തിന് മൂന്നുമാസവുമാണ് പ്രതിയുടെ മകന് കോടതി വിധിച്ച ശിക്ഷ. കൂടാതെ 10,000 ദിർഹം പിഴയായും 100 ദിർഹം കോടതി ഫീസായും ഒടുക്കാൻ കോടതി ഉത്തരവിട്ടു. ഇരകളുടെ കുടുംബത്തിലെ മറ്റൊരു അംഗത്തെ വധിക്കാൻ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് മകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച വണ്ടി ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
2025 മെയ് ഏഴിനായിരുന്നു റാസല്‍ഖൈമയെ ഞെട്ടിച്ച ദാരുണ സംഭവം. റാക് താമസ മേഖലയില്‍ വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 66 വയസ്സുള്ള മാതാവും ഇവരുടെ 36, 38 വയസ്സുള്ള രണ്ട് പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 47കാരിയായ മറ്റൊരു മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ വാഗ്വാദത്തിനിടെ ആദ്യം വാഹനം ഉപയോഗിച്ചും തുടര്‍ന്ന് അനധികൃതമായി കൈവശം വെച്ചിരുന്ന തോക്ക് ഉപയോഗിച്ചും ആക്രമണം നടത്തിയതായി പ്രോസിക്യൂഷന്‍ കോാടതിയെ അറിയിച്ചു.
മൂത്ത മകളുടെ ദേഹത്ത് വണ്ടി കയറ്റിയശേഷം തലക്ക് വെടിവെക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിയത്തിക്കും വെടിയേറ്റത്. ഈ ആക്രമണത്തിൽ 47 വയസ്സുള്ള മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരകളിലൊരാളുടെ 11 വയസ്സുള്ള മകൻ ഈ ദാരുണ സംഭവത്തിന് സാക്ഷിയായെങ്കിലും, പ്രതിയുടെ വെടിയേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് 15 വയസ്സിൽ താഴെ പ്രായമുള്ള ആറ് മക്കളുണ്ട്.
ലൈസന്‍സില്ലാതെ യു.എ.ഇയിലേക്ക് കടത്തിക്കൊണ്ടുവന്ന തോക്കാണ് കൊലക്ക് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിചാരണക്കിടെ പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം വിദഗ്ധ പരിശോധന ആവശ്യപ്പെട്ടിരുന്നു. മാനസികാരോഗ്യ പരിശോധന അനുവദിച്ച കോടതി ഫലം വിലയിരുത്തി വിചാരണ തുടരുകയും വധശിക്ഷ പുറപ്പെടുവിക്കുകയുമായിരുന്നു.
കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ മകനും മരണപ്പെട്ട സ്ത്രീകളുടെ സഹോദരനുമായ മഹര്‍ സലേം വഫായി പറഞ്ഞു. ‘യു.എ.ഇ നീതിന്യായ വ്യവസ്ഥയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. മാതാവിനെയും സഹോദരിമാരെയും നഷ്ടപ്പെട്ട വേദന മായില്ല. എങ്കിലും കോടതി വിധി നീതി ലഭിച്ചെന്ന ആശ്വാസം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും കുടുംബിനികളായിരുന്നു. ഇവരുടെ മക്കള്‍ക്ക് മാതൃസ്നേഹം നഷ്ടപ്പെട്ടത് തീരാവേദനയാണെന്ന് ബന്ധുക്കള്‍ പറയുന്നു. വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബവും അവരുടെ അഭിഭാഷകനും കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.
ജൂലൈ എട്ടിന് പ്രതിയുടെ സാന്നിധ്യത്തിൽ പുറപ്പെടുവിച്ച വിധിയിൽ, മനഃപൂർവമുള്ള കൊലപാതകം, വധശ്രമം, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി വധശിക്ഷ വിധിച്ചത്. അതേസമയം, യു.എ.ഇ നിയമപ്രകാരം വധശിക്ഷ ഉടന്‍ നടപ്പാക്കില്ല. അപ്പീല്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമനപടികളും പൂര്‍ത്തിയായ ശേഷം മാത്രമാണ് ശിക്ഷ നടപ്പാക്കുക. നിലവിലെ വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.