അബൂദബി റിയൽ എസ്റ്റേറ്റിൽ കുതിപ്പ്

അബൂദബി: ഈ വർഷം ആദ്യ പാദത്തിൽ എമിറേറ്റിലെ റിയൽഎസ്​റ്റേറ്റ്​ ഇടപാടുകളുടെ മൂല്യം 66 ശതകോടി ദിർഹമായെന്ന്​ റിയൽ എസ്റ്റേറ്റ് നിയന്ത്രണ സ്ഥാപനമായ അബൂദബി റിയൽ എസ്​റ്റേറ്റ്​ സെൻറർ(എ.ഡി.ആർ.ഇ.സി) അറിയിച്ചു. 13,518 ഇടപാടുകളിലൂടെ 160.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇടപാടുകളുടെ മൂല്യം 25.31 ശതകോടി മാത്രമായിരുന്നു. വിൽപനയും വാങ്ങലും ചേർന്ന് 50.97 ശതകോടി ദിർഹം മൂല്യമുള്ള 8,940 ഇടപാടുകൾ നടന്നു. ഇത് മൂല്യത്തിൽ 228.6 ശതമാനത്തിന്‍റെയും ഇടപാട് എണ്ണത്തിൽ 134 ശതമാനത്തിന്‍റെയും വർധനയാണ്. അതോടൊപ്പം മോർട്ട്ഗേജ് ഇടപാടുകൾ 15.03 ശതകോടി ദിർഹമായി ഉയർന്നു. ഇക്കാര്യത്തിൽ 4,578 ഇടപാടുകളിലൂടെ 53.4 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​.

ഹുദൈരിയാത്ത്​ ഐലൻഡ്​ ഇടപാടുകളിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, റീം ഐലൻഡ്​ , സഅദിയാത്ത്​ ഐലൻഡ്, യാസ്​ ഐലൻഡ്​ എന്നിവയും പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്​. ഈ വളർച്ച അബൂദബിയിലേക്കുള്ള ദേശിയ, അന്തർദേശിയ നിക്ഷേപകരുടെ വിശ്വാസം വ്യക്തമാക്കുന്നതാണെന്ന്​ അബൂദബി റിയൽ എസ്​റ്റേറ്റ്​ സെൻറർ ഡയറക്ടർ ജനറൽ റാശിദ്​ അൽ ഉമൈറ പറഞ്ഞു. ഇത് താൽക്കാലിക വളർച്ചയല്ല, ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ ശക്തമായ മാർക്കറ്റാണ്​ -അദ്ദേഹം കൂട്ടിച്ചേർത്തു.

2025 മാർച്ചിനോട് താരതമ്യപ്പെടുത്തുമ്പോൾ, വാടക നിരക്കിൽ 16 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയത്​. അതേസമയം, 2026ൽ 10,272 പുതിയ വീടുകൾ വിപണിയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇത് മൊത്തം സപ്ലൈ 325,248 യൂനിറ്റായി ഉയർത്തും. 2027ലും വളർച്ച തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്​.

വിദേശ നിക്ഷേപം വലിയ തോതിൽ ഉയർന്നതായും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 8.27 ശതകോടി ദിർഹമിന്‍റെ വിദേശ നിക്ഷേപമാണ്​ രേഖപ്പെടുത്തിയത്​. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 423 ശതമാനം വർധനയാണ്. 99 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് അബൂദബിയിലെത്തിയത്​​. പ്രത്യേകിച്ച് യു.കെ, ഇന്ത്യ, റഷ്യ, ചൈന, ജോർഡൻ, ഫ്രാൻസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപം ശ്രദ്ധേയമാണെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാണക്കുന്നു.

Tags:    
News Summary - Abu Dhabi real estate boom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.