അബൂദബി: നവീന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലും അത് വിജയകരമായി നടപ്പാക്കുന്നതിലും അബൂദബി എന്നും മുന്‍പന്തിയിലാണ്. ഇപ്പോഴിതാ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാ പൊലീസ് വാഹനവും അബൂദബി പുറത്തിറക്കിയിരിക്കുകയാണ്.
പ്രതിരോധ രംഗത്തെ പ്രദർശനമായ ‘ഐഡെക്സ് 2025’ വേദിയിലാണ് അബൂദബി ഭാവി പൊലീസ് വാഹനത്തിന്റെ മോഡൽ അവതരിപ്പിച്ചത്. ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും പട്രോളിങ് ശക്തമാക്കുന്നതിന് വാഹനം സഹായകമാവും. 360 ഡിഗ്രി കാമറ ആംഗിള്‍, ഇന്‍ഫ്രാറെഡ് കാമറകള്‍, ആന്റി ഡിസ്റ്റര്‍ബിങ് സംവിധാനങ്ങള്‍, ജി.പി.എസ് സംവിധാനം തുടങ്ങിയവയാണ് വാഹനത്തിലുള്ളത്. സംയോജിത ബയോമാര്ക്ക് നിരീക്ഷണ സംവിധാനം, സംയോജിത എയര്‍ക്രാഫ്റ്റ് ബോക്സ് ഡ്രോണ്‍ എന്നിവക്കായി പ്രത്യേക സൗകര്യമുവുണ്ട്. ഇതിനുപുറമേ പ്രത്യേക റോബോട്ടുകളെ വിന്യസിക്കാനും എ.ഐ വാഹനത്തിനു കഴിയും. കിന്റ്സുഗി, എഡ്ജി എന്നീ കമ്പനികളുമായി സഹകരിച്ചാണ് അബൂദബി പൊലീസ് ആളില്ലാ പട്രോളിങ് വാഹനം വികസിപ്പിച്ചത്. എന്നാല്‍, എപ്പോഴാണ് ഇവ നിരത്തിലിറങ്ങുകയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
എമിറേറ്റില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നവീന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതില്‍ അബൂദബി പൊലീസ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ഉദാഹരണമാണിതെന്ന് കോര്‍പറേറ്റ് ഡവലപ്മെന്റ് ആന്‍ഡ് ഡിസിഷന്‍ സപ്പോര്‍ട്ട് സെക്ടര്‍ ഡയറക്ടര്‍ കേണല്‍ ഖാലിദ് അബ്ദുല്ല അല്‍ ഖൂരി പറഞ്ഞു. കഴിഞ്ഞവര്‍ഷം പൊലീസ് റോബോട്ടുകളെയും അബൂദബി അവതരിപ്പിച്ചിരുന്നു.
ഗതാഗത നിയമം പാലിക്കേണ്ടതിന്റെ അനിവാര്യത ഓര്മപ്പെടുത്തുന്നതടക്കമുള്ള ബോധവത്കരണത്തിനായാണ് ഇത്തരം റോബോട്ടുകളെ പൊലീസ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.