അബൂദബി: ദുബൈക്ക് പിന്നാലെ അബൂദബിയിലും പറക്കും ടാക്സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം. അല്‍ ബതീന്‍ എക്സിക്യൂട്ടിവ് വിമാനത്താവളത്തിലാണ് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷനും അബൂദബി നിക്ഷേപ ഓഫിസും സംയുക്തമായി പരീക്ഷണ പറക്കൽ നടത്തിയത്.
അടുത്തവര്‍ഷം ആദ്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ സർവിസ് നടത്തുന്നതിന് മുന്നോടിയായാണ് പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്. അല്‍ ബതീന്‍ എക്സിക്യൂട്ടിവ് എയര്‍പോര്‍ട്ടില്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്ഡിങ്ങുമാണ് എയര്‍ ടാക്സി നടത്തിയത്.
അബൂദബിയിലും യു.എ.ഇയിലും എയര്‍ ടാക്സികള്‍ വാണിജ്യതലത്തില്‍ സാധ്യമാക്കുന്നതിനുള്ള നിരവധി നടപടികളില്‍ ആദ്യ ചുവടുവെപ്പാണ് ഇന്ന് പൂര്‍ത്തിയാക്കിയതെന്ന് അബൂദബി നിക്ഷേപ ഓഫിസിലെ ഓട്ടോണമസ് മൊബിലിറ്റി ആന്‍ഡ് റോബോട്ടിക്സ് മേധാവി ഉമ്രാന് മാലിക് വ്യക്തമാക്കി.
കേവലമൊരു എയര്‍ ടാക്സി സേവനം ആരംഭിക്കുക മാത്രമല്ല മറിച്ച് പൈലറ്റ് പരിശീലനം മുതല്‍ നിര്‍മാണം വരെയുള്ള പ്രക്രിയകൾ പടുത്തുയര്‍ത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകളുമായി സഹകരിച്ച് ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകള്‍ നല്കി തൊഴില്‍ ശക്തി വികസിപ്പിച്ചെടുക്കുമെന്നും അവരെ ഈ വ്യവസ്ഥയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂടുകാലത്തോട് വാഹനം എങ്ങനെ പ്രതികരിക്കുന്നുവെന്നറിയുന്നതിനായി ഈ വേനല്‍കാലം മുഴുവന്‍ പരീക്ഷണ പറക്കല്‍ നടത്തും.
അതിനുശേഷം നഗരത്തിനു മുകളിലൂടെ പറത്തുകയും 2026 ആദ്യംതന്നെ വാണിജ്യവത്കരിക്കുന്ന ഘട്ടത്തിനു തുടക്കം കുറിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2027 മുതല്‍ അല്‍ ഐനിലെ കേന്ദ്രത്തില്‍ നിന്ന് എയര്‍ ടാക്സികള്‍ നിര്‍മിക്കാന്‍ ആണ് ആര്‍ച്ചര്‍ ഏവിയേഷന്‍ പദ്ധതിയിടുന്നത്. ഇവിടെ നിര്‍മിക്കുന്ന എയര്‍ ടാക്സികളാവും സമീപരാജ്യങ്ങളിലേക്ക് പിന്നീട് നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.