ബുർജ്​ ഖലീഫ മെട്രോ സ്​റ്റേഷൻ വിപുലീകരിക്കുന്നു

ദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്​റ്റേഷൻ വിപുലീകരിക്കുന്നു. അവധിദിനങ്ങളിലും പ്രധാന ആഘോഷ പരിപാടികളുടെ ദിവസങ്ങളിലും യാത്രക്കാരാൽ നിറയുന്ന ബുർജ്​ ഖലീഫ/ദുബൈ മാൾ മെട്രോ സ്​റ്റേഷൻ വിപുലീകിക്കുന്നത്​ സംബന്ധിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യും ഇമാർ പ്രോപ്പർട്ടീസുമാണ്​ ധാരണയിലെത്തിയത്​. ഡൗൺടൗൺ ദുബൈ, ബുർജ്​ ഖലീഫ, ദുബൈ മാൾ എന്നിങ്ങനെ ദുബൈയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മേഖലയിലെ മെട്രോ സ്​റ്റേഷനാണിത്​.

പദ്ധതി പൂർത്തിയാകുമ്പോൾ സ്റ്റേഷന്റെ മൊത്തം വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. അതോടെ മണിക്കൂറിൽ യാത്രക്കാരുടെ ശേഷി 7,250 ൽ നിന്ന് 12,320 ആയി ഉയരും. ദിവസേന കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 2.2ലക്ഷം യാത്രക്കാരായി വർധിക്കും. 65ശതമാനം ശേഷി വർധിക്കുന്നതോടെ തിരക്കേറിയ സമയങ്ങളിലെ തടസങ്ങൾക്ക്​ വലിയ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

കോൺകോഴ്‌സ്, പ്ലാറ്റ്‌ഫോം ഏരിയകൾ വികസിപ്പിക്കുകയും പുതിയ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും നിർമിക്കുകയും യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക എൻട്രി, എക്സിറ്റ് ഗേറ്റുകൾ ചേർക്കുകയും ചെയ്യും. കൂടുതൽ ഫെയർ ഗേറ്റുകളും സ്ഥാപിക്കും. കാൽനട പാലങ്ങൾ മെച്ചപ്പെടുത്തുകയും വാണിജ്യ മേഖലകൾ വികസിപ്പിക്കുകയും ചെയ്യും. മറ്റ് പൊതുഗതാഗത, ഗതാഗത സൗകര്യങ്ങളിലേക്കുള്ള ലിങ്കുകൾ ശക്തിപ്പെടുത്തുന്നതും പദ്ധതിയിൽ ഉൾപ്പെടും.

ടൂറിസവും സാമ്പത്തിക പ്രവർത്തനങ്ങളും ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്ന ദുബൈ നഗര കേന്ദ്രത്തിന്‍റെ ഹൃദയഭാഗത്തെ തന്ത്രപരമായ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്ന പദ്ധതിയാണ്​ ബുർജ് ഖലീഫ/ദുബൈ മാൾ മെട്രോ സ്റ്റേഷന്‍റെ വികസനമെന്ന്​ ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ജനസംഖ്യയിലും സന്ദർശകരുടെ എണ്ണത്തിലുമുള്ള അതിവേഗ വളർച്ചയെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആർ.‌ടി.‌എയുടെ പ്രതിബദ്ധതയെ ഈ പദ്ധതി അടിവരയിടുന്നുവെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്റ്റേഷൻ യാത്രക്കാരുടെ എണ്ണത്തിൽ 7.5ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും 2040 വരെ യാത്രക്കാരുടെ എണ്ണം വർധികൊണ്ടിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്​റ്റേഷനിൽ 2013ൽ വാർഷിക യാത്രക്കാരുടെ എണ്ണം 60 ലക്ഷമായിരുന്നത്​, 2024ൽ 1.05കോടിയിലധികമായി ഉയർന്നിട്ടുണ്ട്​. ഇത്​ കഴിഞ്ഞ വർഷം 1.1കോടിക്ക്​ അടുത്തെത്തിയിട്ടുമുണ്ട്​. ഇപ്പോൾ ദിവസേനയുള്ള യാത്രാനിരക്ക് ശരാശരി 56,000 ആണ്. പ്രധാന പരിപാടികൾ നടക്കുമ്പോൾ ഇത്​ കുത്തനെ ഉയരുന്നുതും പതിവാണ്​.

Tags:    
News Summary - Burj Khalifa Metro Station is being expanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.