അബൂദബി: മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബിരുദ കോഴ്സ് തുടങ്ങുന്നു. യു.എ.ഇയിലെ വരുംതലമുറയെ നിര്‍മിത ബുദ്ധി വിദഗ്ധരായി മാറ്റിയെടുത്ത് മേഖലക്കും ലോകത്തിനാകെയും ഇതിന്റെ പ്രയോജനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്സിക്യൂട്ടിവ് അഫയേഴ്സ് അതോറിറ്റി ചെയര്‍മാനും അബൂദബി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്നോളജി കൗണ്‍സില്‍ അംഗവുമായ ഖാല്‍ദൂന്‍ അല്‍ മുബാറക് പറഞ്ഞു.
എ.ഐ ബിസിനസ്, എ.ഐ എന്‍ജിനീയറിങ് ബിരുദ കോഴ്സുകളാണ് യൂനിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നതെന്ന് യൂനിവേഴ്സിറ്റി ബോര്‍ഡ് ചെയര്മാന് കൂടിയായ ഇദ്ദേഹം പറഞ്ഞു. സിദ്ധാന്തവും പ്രോഗ്രാമിങ്ങും മാത്രമല്ല തങ്ങളുടെ വിദ്യാര്‍ഥികള്‍ പഠിക്കുകയെന്നും സമൂഹത്തെയും ആളുകളെയും വിപണികളെയും സമ്പദ് വ്യവസ്ഥയെയും കുറിച്ചുള്ള വിമര്‍ശനാത്മകമായ ബോധ്യപ്പെടലുകളും കമ്പനികള്ക്കുള്ളിലോ സ്വന്തം സംരംഭങ്ങളിലൂടെയോ നിര്‍മിത ബുദ്ധി സംരംഭങ്ങളെ നയിക്കാനുമുള്ള പ്രായോഗിക അനുഭവവും ആത്മവിശ്വാസവും അവര്‍ നേടുമെന്നും യൂനിവേഴ്സിറ്റി പ്രസിഡന്റ് പ്രഫസര്‍ എറിക് സിങ് പറഞ്ഞു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നിര്‍മിത ബുദ്ധി സാഹചര്യത്തിന് അനുസൃതമായി ബിരുദധാരികളെ തയാറാക്കുന്നതിനാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നിര്‍മിത ബുദ്ധി രംഗത്ത് വിദ്യാഭ്യാസം നേടുക എന്നതിന്റെ അര്‍ഥം, തങ്ങള്‍ പുനര്‍നിര്‍മിക്കുകയാണെന്നും അവര്‍ കേവല എന്‍ജിനീയർമാർ മാത്രമായിരിക്കില്ലെന്നും എല്ലാ മേഖലകളിലെയും എല്ലാ ഘട്ടങ്ങളിലും നിര്‍മിത ബുദ്ധി നവീകരണത്തിന് തയാറായ സംരംഭകര്‍, ഡിസൈനര്‍മാര്‍, ഇൻഫ്ലുവന്‍സര്‍മാര്‍, ഉദ്യോഗസ്ഥര്‍, ദീര്ഘവീക്ഷണമുള്ളവർ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ലാണ് അബൂദബിയില്‍ മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് തുടക്കമായത്. സ്വദേശികളും വിദേശീയരുമായ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കിവരുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.