ദുബൈ: റോഡ് സൗകര്യം മെച്ചപ്പെടുത്താനും പ്രധാന മേഖലകളിലേക്ക് യാത്രാ സമയം കുറക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന അൽ ഖുദ്റ സ്ട്രീറ്റ് വികസനപദ്ധതിക്ക് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 79.8 കോടി ദിർഹത്തിന്റെ കരാർ നൽകി. അൽ ഖുദ്റ റോഡിൽ ഗതാഗതം മെച്ചപ്പെടുത്തുകയും യാത്രസമയം 9.4 മിനിറ്റിൽനിന്ന് വെറും 2.8 മിനിറ്റായി കുറക്കുകയും ചെയ്യുന്നതാണ് പദ്ധതി. അറേബ്യൻ റേഞ്ചേഴ്സ്, ഡമാക് ഹിൽസ്, ടൗൺ സ്ക്വയർ എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരും സന്ദർശകരും അടക്കം നാല് ലക്ഷംപേർക്ക് സഹായകരമാകുന്നതാണ് പദ്ധതിയെന്ന് അധികൃതർ വെളിപ്പെടുത്തി.
അൽ ഖുദ്റ സ്ട്രീറ്റും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡും ചേരുന്ന കവലയിൽനിന്ന് ആരംഭിച്ച് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിൽ എത്തുന്നതുവരെയുള്ള ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് പദ്ധതി. വിവിധ ഇന്റർചേഞ്ചുകളുടെ വികസനം, 2.7 കി.മീറ്റർ പാലം നിർമാണം, നിലവിലുള്ള റോഡിന്റെ 11.6 കി.മീറ്റർ വികസനം എന്നിവ പദ്ധതിയിൽ ഉൾപ്പെടും. കിഴക്ക്-പടിഞ്ഞാറ് റോഡ് ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് ആർ.ടി.എ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് അൽ ഖുദ്റ റോഡ് വികസനപദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
പദ്ധതി റോഡിന്റെ ഉൾക്കൊള്ളൽ ശേഷി വർധിപ്പിക്കുകയും പ്രധാന കവലകളിലെ ഗതാഗതം എളുപ്പമാക്കുകയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും യാത്രസമയം കുറക്കുകയും ചെയ്യും. അൽ ഖുദ്റ സ്ട്രീറ്റിലൂടെ എമിറേറ്റ്സ് റോഡിലേക്കുള്ള തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുകയും അൽ ഖുദ്റ സിറ്റിയിലേക്കും തിരിച്ചും നേരിട്ട് കണക്റ്റിവിറ്റി നൽകുകയും ചെയ്യും. നഗരത്തിന്റെ വളർച്ചയെ സഹായിക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം റോഡ് സുരക്ഷ ഉറപ്പാക്കുന്നതുമാണ് പദ്ധതി -അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിശയിലും നാല് വരികളുള്ള 600 മീറ്റർ പാലം അൽ ഖുദ്റ സ്ട്രീറ്റിൽ പദ്ധതിയിൽ നിർമിക്കും. അൽ ഖുദ്റ സ്ട്രീറ്റിലെയും കണക്ഷൻ റോഡിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിന് ഈ പാലം സഹായിക്കും. അതുപോലെ സ്ട്രീറ്റിന്റെ വാഹനങ്ങളുടെ ശേഷി മണിക്കൂറിൽ 6,600 വാഹനങ്ങളിൽ നിന്ന് മണിക്കൂറിൽ 19,200 വാഹനങ്ങളായി വർധിപ്പിക്കും. ഇരു ദിശകളിലേക്കും ഏഴ് വരികളുള്ള 700 മീറ്റർ പാലം നിർമ്മിച്ച് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റുമായി ചേരുന്ന അൽ ഖുദ്റ സ്ട്രീറ്റിന്റെ കവല നവീകരിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും.
അൽ ഖുദ്റ സ്ട്രീറ്റിൽ നിന്ന് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലേക്കും ജബൽ അലിയിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്ന 500 മീറ്റർ പാലത്തിന്റെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നതാണ്.
അതോടൊപ്പം ഡൗൺടൗൺ ദുബൈ, ദുബൈ വിമാനത്താവളം ഭാഗത്തേക്ക് അൽ ഖുദ്റ സ്ട്രീറ്റിൽ നിന്ന് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് 900 മീറ്റർ പാലവും നിർമ്മിക്കും. ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിന്റെ ഇരുവശത്തും മൂന്ന് കിലോമീറ്റർ വിസ്തൃതിയിൽ സർവീസ് റോഡുകളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.