ദുബൈ: നഗരത്തിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു.ബലിപെരുന്നാൾ അവധി ദിനങ്ങളായ നാലുദിവസം മാത്രം 75 ലക്ഷത്തിലേറെ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളും ടാക്സികളും ഉപയോഗപ്പെടുത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഈദ് അവധിദിനങ്ങളെ അപേക്ഷിച്ച് 14ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അവധിദിനങ്ങളിൽ ദുബൈ മെട്രോയുടെ ഗ്രീൻ, റെഡ് ലൈനുകളിൽ 27ലക്ഷത്തിലേറെ യാത്രക്കാരാണ് സഞ്ചരിച്ചത്. ദുബൈ ട്രാം ഉപയോഗപ്പെടുത്തിയവർ 1.19ലക്ഷത്തിലേറെ വരും. അതേസമയം 16ലക്ഷത്തിലേറെ യാത്രക്കാരാണ് പൊതു ബസുകൾ ഉപയോഗപ്പെടുത്തിയത്.സമുദ്ര ഗതാഗത സംവിധാനങ്ങൾ മൂന്ന് ലക്ഷത്തിലേറെ പേർ ഉപയോഗിച്ചപ്പോൾ ടാക്സികളിൽ യാത്ര ചെയ്തവരുടെ എണ്ണം 21ലക്ഷം കടന്നിട്ടുണ്ട്. പങ്കിടുന്ന ഗതാഗത സംവിധാനങ്ങൾ അഞ്ച് ലക്ഷത്തിലേറെ യാത്രക്കാർക്കും സേവനം ചെയ്തിട്ടുണ്ട്.
പൊതു ഗതാഗത രംഗത്ത് അധികൃതർ അതിവേഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും യാത്രക്കാരെ ഇതുപയോഗിക്കാൻ പ്രോൽസാഹിപ്പിക്കുന്നുമുണ്ട്. യാത്ര എളുപ്പമാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാകാനും ഇത് സഹായിക്കും. ദുബൈയുടെ ഏകദേശം 90 ശതമാനം ഭാഗങ്ങളിലും പൊതു ബസുകൾ സർവിസ് നടത്തുന്നുണ്ട്. ആകെ 1,390 ബസുകൾ പ്രതിദിനം 11,000 ട്രിപ്പുകൾ പൂർത്തിയാക്കുന്നുണ്ട്.ഇതുവഴി യാത്രക്കാർക്ക് ഏകദേശം 3.33ലക്ഷം കി.മീറ്റർ സഞ്ചരിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. 2024ൽ പൊതുഗതാഗത ബസ് ഉപയോക്താക്കളുടെ എണ്ണം 18.8 കോടി യാത്രക്കാരിലെത്തിയിരുന്നു. ഇത് 2023നെ അപേക്ഷിച്ച് എട്ടു ശതമാനം വർധനവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.