ദുബൈ: ദേശീയ ഐക്യദാർഢ്യത്തിന്റെയും രാജ്യത്തിന്റെ ധീരതയുടെയും ദിനമായ ജനുവരി 17ന്റെ ഓർമയിൽ ഏഴ് പള്ളികൾക്ക് ‘അൽ നഖ്വ’ എന്ന് പേരിട്ടു. ധീരത, അതിജീവനശേഷി എന്നല്ലാം അർഥമുള്ള അറബി പദമാണിത്. ഇസ്ലാമിക കാര്യ, വഖ്ഫ്, സകാത് വകുപ്പാണ് പുനർനാമകരണം സംബന്ധിച്ച് തീരുമാനമെടുത്തത്.
ത്യാഗത്തിന്റെ മനോഭാവം ഉയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കാനും ഏത് ഭീഷണിക്കെതിരെയും ഉറച്ചുനിൽക്കാനും ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരിഅ് പറഞ്ഞു. യു.എ.ഇയിലെ മത-സാംസ്കാരിക ജീവിതത്തിൽ ഐക്യത്തിനും ദേശസ്നേഹത്തിനുള്ള പ്രധാന്യത്തെ ഉയർത്തിക്കാണിക്കുന്നതാണ് ‘അൽ നഖ്വ’ എന്ന പേരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ജനുവരി 17ന്റെ ഹൂതി ആക്രമണത്തിന്റെ വാർഷികദിനമായ വെള്ളിയാഴ്ച യു.എ.ഇ ഭരണാധികാരികൾ സമൂഹമാധ്യമങ്ങളിൽ രാജ്യത്തിന്റെ ധീരതയെ പ്രശംസിച്ച് കുറിപ്പിട്ടിരുന്നു. രാജ്യത്തിന്റെ അതിജീവന കരുത്തിനെയും ഐക്യദാർഡ്യത്തെയും ധീരതയെയും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരാണ് പ്രശംസിച്ചത്.
ഇതിന്റെ തുടർച്ചയായാണ് പള്ളികൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. അബൂദബി അല്‍ അസായില്‍ റോഡിന്റെ പേരും ‘അല്‍ നഖ്വ സ്ട്രീറ്റ്’ എന്ന് മാറ്റിയിരുന്നു. ഖലീഫ സിറ്റിയിലെ പ്രധാന തെരുവുകളിലൊന്നാണ് അല്‍ നഖ്വ സ്ട്രീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.