എക്സ്പോ നഗരിയിലെ ദൃശ്യം
ദുബൈ: വിജ്ഞാനവും ആനന്ദവും സമന്വയിക്കുന്ന, ലോകൈക്യത്തിെൻറ മനോഹരവേദിയായിത്തീരുന്ന എക്സ്പോ 2020 ദുബൈയിലേക്ക് ഇനി 50 ദിനങ്ങൾ കൂടി.
കോവിഡ് മഹാമാരിയെ അതിജീവിച്ച് ലോകം പുതിയ കുതിപ്പിന് തുടക്കമിടുന്നതിെൻറ നാന്ദിയായിത്തീരുന്ന സംഗമത്തിന് ഒരുക്കം പൂർത്തീകരിച്ചു. 192 രാജ്യങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പവലിയനുകൾ അവസാന മിനുക്കുപണികളിലാണ്. രണ്ടര സ്ക്വയർ കിലോമീറ്ററിർ ആധുനിക സുരക്ഷ-ആരോഗ്യ സംരക്ഷണ സന്നാഹങ്ങളാണുള്ളത്. മേളയുടെ കേന്ദ്രമായ അൽ വസ്ൽ നിർമാണം പൂർത്തിയാവുകയാണ്. എക്സ്പോയുടെ ഉപ തീമുകളിലായി 'അവസരം', 'ചലനാത്മകത', 'സുസ്ഥിരത' എന്നിങ്ങനെ മൂന്നു ഡിസ്ട്രിക്ടുകളാണ് ഉണ്ടാവുക. ഇവയിലൊന്നിലാണ് ഓരോ രാജ്യത്തിനും പവലിയനുകൾ അനുവദിച്ചത്. 'അവസരം' കൂട്ടത്തിലാണ് ഇന്ത്യൻ പവലിയൻ.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാസ്കാരിക വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സംഗീത-നൃത്തപരിപാടികൾ, പൈതൃകവും അവസരങ്ങളും വരച്ചിടുന്ന പ്രദർശനങ്ങൾ, മനുഷ്യനും മണ്ണിനും വേണ്ടിയുള്ള വൈജ്ഞാനിക ചിന്തകളുടെ കൈമാറ്റം, വിദഗ്ധരുടെ സംഭാഷണങ്ങൾ, രുചിഭേദങ്ങൾ രസിച്ചറിയാൻ അവസരമൊരുക്കുന്ന ഭക്ഷ്യകേന്ദ്രങ്ങൾ തുടങ്ങി ഒരുങ്ങുന്നത് എല്ലാ അഭിരുചിക്കാരെയും രസിപ്പിക്കുന്ന പരിപാടികളാണ്.
എക്സ്പോ കലണ്ടർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഭൂമിയിലെ മുഴുവൻ മനുഷ്യരും അനുഭവിക്കുന്ന വെല്ലുവിളികളിലേക്കും അവസരങ്ങളിലേക്കും വെളിച്ചംവീശുന്നതും എക്സ്പോയിലെത്തുന്നവർക്ക് മാറ്റത്തിന് പ്രചോദനം പകരുന്നതായിരിക്കും പരിപാടികളെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 31ന് എക്സ്പോ പിരിയുന്നതോടെ 'ഡിസ്ട്രിക്ട് 2020' എന്ന പേരിലെ സിറ്റിയായി നഗരി രൂപപ്പെടുത്താനും പദ്ധതിയുണ്ട്.
മുൻകാലങ്ങളിൽ ഷാങ്ഹായിലും മിലാനിലും നടന്ന മുൻ എക്സ്പോകളുടെ മെച്ചവും വീഴ്ചകളും വിലയിരുത്തിയാണ് ദുബൈ എക്സ്പോ ഒരുക്കിയത്. മിലാൻ എക്സ്പോ കൃത്യമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. അഞ്ചുവർഷത്തിൽ തീർത്ത നഗരം 170 വർഷത്തെ എക്സ്പോ ചരിത്രത്തിലെ സുസ്ഥരിമായ ആദ്യ എക്സ്പോയാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.