അബൂദബിയിൽ നാല്​ ബഹുനില പാർക്കിങ്​ കെട്ടിടങ്ങൾ തുറന്നു

അബൂദബി: ഗതാഗത തിരക്ക്​ കുറക്കുന്നതിനും കൂടുതൽ പാർക്കിങ്​ സ്ഥലങ്ങൾ അനുവദിക്കുന്നതിനുമായി എമിറേറ്റിൽ നാല്​ ബഹുനില ​പാർക്കിങ്​ കെട്ടിടങ്ങൾ കൂടി പ്രവർത്തനം തുടങ്ങിയതായി ക്യു മൊബിലിറ്റി അറിയിച്ചു. മുഹമ്മദ്​ ബിൻ സായിദ്​ സിറ്റിയുടെ എം.ഇ9, എം.ഇ10, എം.ഇ12 എന്നീ വാണിജ്യ മേഖലകളിലാണ്​ പുതിയ പാർക്കിങ്​ കെട്ടിടങ്ങൾ ഒരുക്കിയിട്ടുള്ളത്​.

ഇതിൽ എം.ഇ 10ൽ രണ്ട്​ ബഹുനില കെട്ടിടങ്ങളാണ്​ നിർമിച്ചിരിക്കുന്നത്​. നാല്​ പാർക്കിങ്​ കെട്ടിടങ്ങളിലുമായി 1,446 വാഹനങ്ങൾക്ക്​ പാർക്ക്​ ചെയ്യാനാകും. എം.ഇ9നിൽ 682 വാഹനങ്ങൾക്കും എം.ഇ10ൽ 346 വാഹനങ്ങൾക്കും എം.ഇ12ൽ 418 വാഹനങ്ങൾക്കും​ പാർക്ക്​ ചെയ്യാൻ സൗകര്യമുണ്ട്​. നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കായി പ്രത്യേക പാർക്കിങ്​ സ്ഥലങ്ങളും ഇവിടെ അനുവദിച്ചിട്ടുണ്ട്​. അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിൽ ക്യൂമൊ​ബിലിറ്റിക്കാണ്​ ​ പാർക്കിങ്​ സ്ഥലങ്ങളുടെ നിയന്ത്രണം. മാർച്ച്​ 11 മുതൽ പുതിയ പാർക്കിങ്​ കെട്ടിടങ്ങളുടെ പ്രവർത്തനം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

വ്യവസായ മേഖലകളിൽ നിരവധി ഓഫിസുകളും ഷോപ്പുകൾ, സേവന കേന്ദ്രങ്ങളും ആരംഭിച്ചതോടെ കഴിഞ്ഞ വർഷങ്ങളിൽ മുഹമ്മദ്​ ബിൻ സായിദ്​ സിറ്റിയിൽ ഗതാഗത നീക്കം വർധിച്ചിട്ടുണ്ടെന്ന്​ ക്യൂമൊബിലിറ്റി അധികൃതർ വ്യക്​തമാക്കി. പരിമിതമായ പാർക്കിങ്​ സ്ഥലങ്ങളും ക്രമരഹിതമായ പാർക്കിങ്ങും പലപ്പോഴും ഗതാഗത കുരുക്കിന്​ ഇടയാക്കാറുണ്ട്​. പാർക്കിങ്​ സ്ഥലങ്ങൾ അന്വേഷിക്കുന്നതിനായി ഡ്രൈവർമാർ ചെലവിടുന്ന സമയം കുറക്കാൻ ലക്ഷ്യമിട്ടാണ്​ പാർക്കിങ്​ സ്ഥലങ്ങൾ വർധിപ്പിച്ചിരിക്കുന്നത്​. ഇതുവഴി കൊമേഴ്​സ്യൽ ജില്ലകളിൽ ഗതാഗത നീക്കം മെച്ചപ്പെടുത്താൻ സഹായകമാവും.

2026ൽ മുസഫയിൽ പുതിയ പാർക്കിങ്​ സ്ഥലങ്ങൾ പ്രവർത്തനം തുടങ്ങിയത്​ ഏറ്റവും തിരക്കേറിയ വ്യവസായ മേഖലകളിൽ ഒന്നായ ഇവിടം ഗതാഗത തടസ്സങ്ങൾ നീക്കാൻ സഹായകമായിരുന്നു. എം1, എം2, എം3, എം4, എം24 മേഖകലളിലായി 4,680 വാഹനങ്ങൾക്ക്​ പാർക്ക്​ ചെയ്യാനുള്ള സൗകര്യമാണ്​ ഒരുക്കിയത്​. മണിക്കൂറിൽ രണ്ട്​ ദിർഹമാണ്​ പാർക്കിങ്​ നിരക്ക്​. ദർബ്​, താം തുടങ്ങിയ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴിയും എസ്​.എം.എസായും ഓൺസൈറ്റ്​ മെഷീനുകൾ വഴിയും പണമടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​. 

Tags:    
News Summary - Four multi-storey parking buildings opened in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.