ഡോ. എ.കെ നമ്പ്യാർ

39ാമത്​ അബൂദബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടി.കെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ.കെ നമ്പ്യാർക്ക്

അബൂദബി: മലയാളത്തിലെ സർഗ്ഗാധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബൂദബി ഏർപ്പെടുത്തിയ 39ാമത്​ അബൂദബി ശക്തി അവാർഡ് പ്രഖ്യാപിച്ചു.നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലം എന്നീ മേഖലകളിടെ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന അബൂദബി ശക്തി ടി.കെ രാമകൃഷ്‌ണൻ പുരസ്‌കാരത്തിന് ഡോ.എ. കെ. നമ്പ്യാരെ തെരഞ്ഞെടുത്തു. മികച്ച നിരൂപണത്തിനുള്ള അബൂദബി ശക്തി തയാട്ട് പുരസ്‌കാരം ഡോ. ടി.കെ സന്തോഷ്‌കുമാറിന്‍റെ ‘കവിതയുടെ രാഗപൂർണ്ണിമ’ എന്ന കൃതിക്കാണ്.ഇതര സാഹിത്യത്തിനുള്ള അബൂദബി ശക്തി എരുമേലി പുരസ്കാരം കെ.എസ്​. രവികുമാർ (കടമ്മനിട്ട), കെ.വി സുധാകരൻ (ഒരു സമര നൂറ്റാണ്ട്) എന്നിവർ പങ്കിട്ടു.

എം മഞ്ജു (കഥ: തലപ്പന്ത്), എം.ഡി രാജേന്ദ്രൻ (കവിത: ശ്രാവണബളഗോള), അനിൽകുമാർ ആലത്തുപറമ്പ് (നാടകം: മഹായാനം), റഫീഖ് മംഗലശ്ശേരി (കിത്താബ്), ജി. ശ്രീകണ്ഠൻ (ബാലസാഹിത്യം: മുതലക്കെട്ട്), പായിപ്ര രാധാകൃഷ്‌ണൻ (സൽക്കഥകൾ), എം. ജയരാജ് (വിജ്ഞാന സാഹിത്യം: വൈക്കം സത്യഗൃഹ രേഖകൾ), എം.കെ പീതാംബരൻ (മതം, മാനവികത, മാർക്‌സിസം) എന്നിവർക്കാണ് അബൂദബി ശക്തി അവാർഡുകൾ. എം. വി. ജനാർദ്ദനന്‍റെ പെരുമലയൻ, കെ.ആർ. അജയന്‍റെ സൂക്കോ കടന്ന് വടക്ക് കിഴക്ക്, ഗിരിജ പ്രദീപിന്‍റെ നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ് എന്നീ കൃതികൾ പ്രത്യേക പുരസ്കാരങ്ങൾ നേടി.

1987ല്‍ ഏര്‍പ്പെടുത്തിയതാണ് അബൂദബി ശക്തി അവാര്‍ഡ്. കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അബൂദബി ശക്തി അവാര്‍ഡ് നല്‍കിവരുന്നത്. അബൂദബി ശക്തി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി.കരുണാകരന്‍, കൺവീനർ എ.കെ മൂസാ മാസ്റ്റര്‍, കമ്മിറ്റി അംഗം എൻ. പ്രഭാവര്‍മ്മ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ശക്തി ടി കെ രാമകൃഷ്ണൻ അവാർഡ്. മറ്റു ജേതാക്കൾക്ക് 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.



Tags:    
News Summary - 39th Abu Dhabi Shakti Awards announced; T.K. Ramakrishnan Award goes to Dr. A.K. Nambiar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.